ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഒമാനെതിരെ ഇന്ത്യ അൽപ്പം വിയർത്തുകൊണ്ടാണ് അവസാന നിമിഷം വിജയത്തിൽ എത്തിയത്. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാറ്റിംഗ് ഓർഡറിൽ പ്രമോഷൻ കിട്ടിയാണ് സഞ്ജു ഇന്നലത്തെ മത്സരത്തിൽ മുന്നിട്ടിറങ്ങിയത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ പ്രകടനം എല്ലാവരും നോക്കി കണ്ടത്.
എന്നാൽ മത്സരം ഇന്ത്യ ജയിക്കുകയും സഞ്ജു ഫിഫ്റ്റി അടിക്കുകയും ഒക്കെ ചെയ്‌തെങ്കിലും വിമർശനങ്ങൾ പല കോണുകളിൽ നിന്ന് ഉയരുകയും ചെയ്‌തിട്ടുണ്ട്. അതിൽ പ്രധാന കാരണമായി വിലയിരുത്തുന്നത് സഞ്ജുവിന്റെ ബാറ്റിംഗ് വേഗതയാണ്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള സഞ്ജു സാംസൺ പക്ഷേ ഇക്കുറി ബാറ്റ് വീശിയത് വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റോടെ ആയിരുന്നു എന്നതാണ് യാഥാർഥ്യം.

അത് തന്നെയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മുൻ ഇന്ത്യൻ താരം വസീം ജാഫറും ഇത് എടുത്തുപറയുകയുണ്ടായി. ഇന്നലെ സഞ്ജു സാംസൺ തന്റെ പ്രതിഭയ്ക്ക് ഒത്ത പ്രകടനമല്ല കാഴ്‌ചവച്ചതെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിൽ നിന്ന് തന്നെ ഇത് മനസ്സിലാക്കാമെന്നും, അത് 125ൽ താഴെയായിരുന്നുവെന്നും വസീം ജാഫർ പറയുകയുണ്ടായി.
ഇഎഎസ്‌പിഎൻ ക്രിക്ക്ഇൻഫോയിൽ സംസാരിക്കുകയായിരുന്നു വസീം ജാഫർ.'സാധാരണയായി സഞ്ജു ബാറ്റ് ചെയ്യുന്നതുപോലെ അത്ര ഒഴുക്കോടെയല്ലായിരുന്നു ഇന്നലെ ബാറ്റ് ചെയ്‌തത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 120കളുടെ മധ്യത്തിലായിരുന്നു. സാധാരണയായി, അദ്ദേഹത്തിന് ഉയർന്ന സ്ട്രൈക്ക് റേറ്റ് ഉണ്ടാവാറുണ്ട്' അദ്ദേഹം പറയുന്നു. എങ്കിലും സഞ്ജുവിനെ പൂർണമായി കുറ്റപ്പെടുത്താൻ അദ്ദേഹം ഒരുക്കമായില്ല.
അത്ര അറിയപ്പെടാത്ത അസോസിയേറ്റ് രാജ്യങ്ങളിടെ ബൗളർമാരെ നേരിടുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മത്സരങ്ങളിൽ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാൻ സാംസൺ കൂടുതൽ അനുയോജ്യനാനിന്നും വസീം ജാഫർ അഭിപ്രായപ്പെട്ടു. ബാറ്റിംഗ് ഓർഡറിൽ സഞ്ജു താഴോട്ട് ഇറങ്ങണമെന്നാണ് അദ്ദേഹം പറയുന്നത്.
'അസോസിയേറ്റ് ടീമുകളോട് ഇത് സംഭവിക്കാം. ബൗളർമാരെ അറിയാത്തപ്പോൾ, പേസിന്റെ അഭാവം നിങ്ങളെ പിന്നോട്ട് വലിക്കും. ഇത് അൽപ്പം ബുദ്ധിമുട്ടുള്ളതായിരിക്കാം. എളുപ്പമാണെന്ന് തോന്നാം, പക്ഷേ അങ്ങനെയല്ല. അതൊരു മോശം ഇന്നിംഗ്‌സായിരുന്നു. അദ്ദേഹം റൺസ് നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അദ്ദേഹം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു' വസീം ജാഫർ പറയുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിങിനെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നെങ്കിലും അതുപോലെ തന്നെ താരത്തെ പിന്തുണച്ചും പലരും രംഗത്തെത്തി. കാലാവസ്ഥയും, ഒമാൻ പോലെയുള്ള അസോസിയേറ്റ് ടീമും ഒപ്പം പവർ പ്ലേയുടെ ആനുകൂല്യങ്ങൾ ഇല്ലാത്തതും തുടരെ വിക്കറ്റ് വീണതും സഞ്ജുവിനെ പവർ ഹിറ്റിന് പകരം നങ്കൂരമിടാൻ പ്രോത്സാഹിപ്പിച്ചു എന്നാണ് പലരും പറയുന്നത്. മാത്രമല്ല സഞ്ജു കൂടി കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായെങ്കിൽ മത്സരഫലം മറിച്ചായേനെ എന്നും ചിലർ അഭിപ്രായപെടുന്നു.
അതിനിടെ ഏഷ്യാ കപ്പിൽ ഒമാനെ 21 റൺസിന് തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ഹാട്രിക് വിജയം നേടി ലീഗ് ഘട്ടത്തിലെ തങ്ങളുടെ പോരാട്ടങ്ങൾക്ക് വിരാമമിട്ടിരുന്നു. നാളെ ദുബായിൽ നടക്കുന്ന സൂപ്പർ 4-ൽ സൂര്യകുമാർ യാദവും സംഘവും വീണ്ടും പാകിസ്ഥാനുമായി ഏറ്റുമുട്ടും. ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തരിപ്പണമാക്കിയിരുന്നു. അതിന്റെ ആവർത്തനം സൂപ്പർ 4-ൽ ഉണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.