ഏഷ്യാ കപ്പിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യ ഫൈനൽ പോരാട്ടം നടക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് കൃത്യമായ മുൻതൂക്കം പാകിസ്ഥാൻ ടീമിന് മേൽ ഉണ്ടെന്നതാണ് പ്രധാനം. അതിപ്പോൾ മൾട്ടി നാഷണൽ ടൂർണമെന്റുകൾ ആവട്ടെ, ലോകകപ്പ് ആവട്ടെ ഇന്ത്യയ്ക്ക് പാകിസ്ഥാന് മേൽ വളരെയധികം മുന്നേറ്റം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ ഇപ്പോൾ മൊത്തത്തിൽ ഒരു ക്ഷീണത്തിലാണ് എന്നത് വാസ്‌തവമാണ്.
പഴയ കാല പ്രതാപം ഒന്നുമില്ലാതെയാണ് ടീം മുന്നോട്ട് പോവുന്നത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ടീം നേരിടുന്ന പ്രതിസന്ധി സ്ഥിരത ഇല്ലായ്‌മ തന്നെയാണ്. സൂപ്പർതാരങ്ങൾ ആയ ബാബർ അസമും മുഹമ്മദ് റിസ്വാനും ഒക്കെ ടീമിന്റെ പടിക്ക് പുറത്തായിട്ട് നാളേറെയായി. ഏറെ പ്രതീക്ഷകളോടെ ടീം കണ്ടിരുന്ന ഈ രണ്ട് മുൻനിര താരങ്ങളുടെ അഭാവം കെട്ടുറപ്പിനെ ബാധിച്ചുവെന്നത് വ്യക്തം. അവരുടെ പരിചയ സമ്പത്തും നഷ്‌ടമായി ടീമിന്.

എന്നാൽ ഇന്ത്യക്കെതിരെ പാകിസ്ഥാനെ അത്രയ്ക്ക് വില കുറച്ച് കാണേണ്ടെന്ന് പറയുകയാണ് ഇപ്പോൾ മുൻ പാക് താരം റാഷിദ് ലത്തീഫ്. സൂര്യകുമാർ യാദവ് നടത്തിയ ഇരു ടീമുകളും തമ്മിലുള്ള വൈരത്തെ കുറിച്ചുള്ള പരാമർശം റാഷിദ് തള്ളിക്കളയുകയും ചെയ്‌തു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരഫലം ആശ്രയിക്കാതെ തന്നെ വൈരത്തിന് പ്രസക്തിയുണ്ടെന്നും അത് ഏഷ്യ കപ്പ് ആവുമ്പോൾ ഒന്നുകൂടി അധികമാവുമെന്നും അദ്ദേഹം പറഞ്ഞു.
'മത്സരം ഉണ്ടാകും. യുദ്ധം ഉള്ളിടത്തോളം, ക്രിക്കറ്റിൽ വൈരത്വം ഉണ്ടാകും. അത് അവസാനിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'പക്ഷേ, അതിൽ ഇന്ത്യ വിജയിച്ചുകൊണ്ടേയിരിക്കും. അതൊരു പ്രശ്‌നമല്ല. പക്ഷേ വൈരാഗ്യം എപ്പോഴും ഉണ്ടാകും. അത് തുടരുക തന്നെ ചെയ്യും' റാഷിദ് ലത്തീഫ് പക്ഷേ മത്സരഫലത്തിൽ കാര്യമായി പ്രതീക്ഷ വയ്ക്കാത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൂപ്പർ 4 മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇനി ഒരു മത്സരവുമില്ലെന്ന് പറഞ്ഞ സൂര്യകുമാറിനെതിരെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം പരിഹസിച്ചു. നേരത്തെ ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ മത്സരത്തിൽ കൂടി പാകിസ്ഥാനെ തോൽപ്പിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റൻ സൂര്യകുമാർ നിർണായക പരാമർശം നടത്തിയത്.
'നിങ്ങൾ (മാധ്യമങ്ങൾ) മത്സരത്തെക്കുറിച്ച് ചോദിക്കുന്നത് നിർത്തണം. രണ്ട് ടീമുകളും 15-20 ഗെയിമുകൾ കളിക്കുകയും സ്കോർലൈൻ 7-7 അല്ലെങ്കിൽ 8-7 ആണെങ്കിൽ, അതിനെ ഒരു മത്സരമെന്ന് വിളിക്കുന്നു. സ്കോർലൈൻ 10-1 അല്ലെങ്കിൽ 13-0 ആണെങ്കിൽ, കൃത്യമായ നമ്പർ എനിക്കറിയില്ല, പക്ഷേ ഇത് ഇനി ഒരു വൈരമല്ല' എന്നായിരുന്നു സൂര്യ പറഞ്ഞത്.
കൂടാതെ വലിയ ടൂർണമെന്റിൽ ഫൈനൽ എന്ന ഭാരം ഇന്ത്യയ്ക്ക് മേലായിരിക്കുമെന്ന് പറഞ്ഞ റാഷിദ് ലത്തീഫ് പാകിസ്ഥാന് നഷ്‌ടപ്പെടാൻ ഒന്നുമില്ലെന്നും പറഞ്ഞു. 'ഇന്ത്യയ്ക്കായിരിക്കും നിലവിൽ സമ്മർദ്ദം അധികം. ഇന്ത്യയ്ക്ക് നഷ്‌ടപ്പെടാൻ എല്ലാം ഉണ്ട്. പാകിസ്ഥാന് നഷ്‌ടപ്പെടാൻ ഒന്നുമില്ല, അവർ ഇതിനകം തന്നെ ദുർബലരാണ്; അദ്ദേഹം പറയുന്നു.
പാകിസ്ഥാൻ ഇവിടെ വിജയിച്ചാൽ, അത് ബിസിസിഐക്കും ഈ ടൂർണമെന്റിനെക്കുറിച്ച് വളരെ വാചാലരായ ചില കളിക്കാർക്കും വളരെ ബുദ്ധിമുട്ടായിരിക്കും, അത് ക്യാപ്റ്റന്റെ പ്രസ്‌താവനയായാലും ബോർഡിന്റെ നിലപാടായാലും ഗില്ലിന്റെ ട്വീറ്റായാലും; റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു. ഇന്ന് വൈകീട്ടാണ് നിർണായകമായ ഇന്ത്യ-പാക് ഫൈനൽ നടക്കുന്നത്. ടൂർണമെന്റിൽ ഇക്കുറി രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.