കൊളംബോ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏഷ്യാകപ്പ 2021 ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ജൂണില്‍ ശ്രീലങ്ക വേദിയായി നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ അവസാന വര്‍ഷം പാകിസ്താനില്‍ നടക്കാനിരുന്നതായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ കോവിഡ് തുടക്ക സമയമായതിനാല്‍ 2021ലേക്ക് മാറ്റുകയായിരുന്നു.ശ്രീലങ്ക,ബംഗ്ലാദേശ്,പാകിസ്താന്‍,ഇന്ത്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍. അഫ്ഗാനിസ്ഥാന്‍,ഹോങ്കോങ്,യുഎഇ ടീമുകളും ഏഷ്യാ കപ്പില്‍ പങ്കെടുത്തിട്ടുണ്ട്.
ഏഷ്യാ കപ്പുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ആഷ്‌ളി ഡി സില്‍വ വ്യക്തമാക്കി. 2023ലെ ലോകകപ്പിന് മുന്നോടിയായി ഏഷ്യാ കപ്പ് നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

1983ല്‍ ആരംഭിച്ച ഏഷ്യാ കപ്പ് ഇതാദ്യമായല്ല റദ്ദാക്കുന്നത്. 1993ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതേ കാരണത്താല്‍ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നിട്ടുമുണ്ട്. നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കുന്നില്ല. ഏഷ്യാ കപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്.
ഏഷ്യാകപ്പിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണ്. ഏഴ് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആറ് ഏകദിനവും ഒരു ടി20യുമാണ് ഇന്ത്യ നേടിയത്. അവസാന രണ്ട് എഡിഷനിലും (2016,2018) ഇന്ത്യയായിരുന്നു വിജയികള്‍. എംഎസ് ധോണി,രോഹിത് ശര്‍മ എന്നിവരുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഈ കിരീടങ്ങള്‍. രണ്ട് തവണയും ബംഗ്ലാദേശായിരുന്നു റണ്ണേഴ്‌സപ്പ്.
ഏഷ്യാ കപ്പ് നടന്നില്ലെങ്കിലും ഇന്ത്യ ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനാല്‍ ബി ടീമാണ് ശ്രീലങ്കന്‍ പര്യടനം നടത്തുന്നത്. മൂന്ന് ഏകദിനവും അഞ്ച് ടി20യും പരമ്പരയില്‍ ഉള്‍പ്പെടുമെങ്കിലും ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയില്‍ കോവിഡ് വ്യാപനം കുറവാണ്. അതിനാല്‍ത്തന്നെ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ സാധിച്ചേക്കും.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി ടൂര്‍ണമെന്റുകള്‍ ഇതിനോടകം മുടങ്ങിയിട്ടുണ്ട്. ഇന്ത്യ നേരത്തെ തന്നെ ശ്രീലങ്കന്‍ പര്യടനം നിശ്ചയിച്ചിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അത് നീണ്ടുപോവുകയായിരുന്നു.