രാജകീയ തിരിച്ചുവരവുമായി ജഡേജ; ഇനിയാണ് കളി, പുറത്തേക്ക് കുല്‍ദീപോ ചാഹലോ?

ദുബായ്: ഏകദിന ക്രിക്കറ്റില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഇടങ്കൈയ്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രാജകീയ തിരിച്ചുവരവ്. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇടംലഭിച്ച താരം ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജഡേജയുടെ മിന്നുന്ന പ്രകടനം. ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറിലൊതുക്കാന്‍ ജഡേജയുടെ പ്രകടനം തുണയായി.
ഒരു വര്‍ഷത്തിലധികമായി ജഡേജ ഏകദിന ടീമില്‍നിന്നും പുറത്താണ്. കൃത്യമായി പറഞ്ഞാല്‍ 2017 ജൂലൈ 6ന് വെസ്റ്റിന്റീസിനെതിരെ അവരുടെ നാട്ടില്‍ ഒരു ഏകദിന മത്സരം കളിച്ചശേഷം താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ഇതിനുശേഷം ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഏകദിന പരമ്പര നേടിയപ്പോള്‍ ആറ് മത്സരങ്ങളില്‍നിന്നും ഇരുവരും 33 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഇരുവരും ഇന്ത്യന്‍ ടീമില്‍ സ്ഥിരത നേടിയതോടെ ജഡേജയും ആര്‍ അശ്വിനും സ്വാഭാവികമായി പുറത്തായി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെയാണ് ജഡേജയ്ക്ക് വിളിയെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ താരത്തിന് അവസരം ലഭിക്കുകകൂടി ചെയ്തതോടെ അത് മുതലെടുക്കുകയും ചെയ്തു. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ജഡേജ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴു വിക്കറ്റുകളും 86 റണ്‍സും അന്ന് ജഡേജ സ്വന്തം പേരിലാക്കി.
ഏകദിനത്തിലെ വിളിയെത്തുകയും സമയം തെളിയുകയും ചെയ്തതോടെ മൂന്നു സ്പിന്നര്‍മാരുള്ള ടീമായി ഇന്ത്യ മാറിക്കഴിഞ്ഞു. പേസിന് അനുകൂല പിച്ചുകളില്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പം ഇനി ഉണ്ടാകുമെന്ന് ഉറപ്പ്. ഏതെങ്കിലും സ്പിന്നര്‍ ഒന്നോ രണ്ടോ കളികളില്‍ മോശം പ്രകടനം നടത്തിയാല്‍ അവര്‍ പുറത്താകുന്ന സ്ഥിതിയിലുമെത്തും. എന്തായാലും ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥിരത നേടാനാകും മൂന്ന് സ്പിന്നര്‍മാരുടെയും ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications