ദുബായ്: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനാണ് എംഎസ് ധോണി. ഐസിസിയുടെ കിരീടങ്ങളെല്ലാം ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയിലെത്തിച്ച ധോണി സമാനതകളില്ലാത്ത വിജയങ്ങളിലേക്കാണ് ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ കാട്ടുന്ന അതിശിപ്പിക്കുന്ന നീക്കങ്ങളും കളിയെ വിലയിരുത്താനുള്ള കഴിവും ലോകമെങ്ങുമുള്ള ക്രിക്കറ്റ് വിദഗ്ധര്‍ അംഗീകരിച്ചതാണ്.
ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയും, കഴിഞ്ഞവര്‍ഷം പരിമിത ഓവറിലെ ക്യാപ്റ്റന്‍ പദവിയും ഒഴിഞ്ഞെങ്കിലും ടീമില്‍ ഇപ്പോഴും ധോണിതന്നെയാണ് സൂപ്പര്‍ ക്യാപ്റ്റന്‍. വിരാട് കോലിയായാലും രോഹിത് ശര്‍മയായാലും ധോണിയുടെ അഭിപ്രായത്തിന് അങ്ങേയറ്റത്തെ വിലകല്‍പ്പിക്കുന്നത് മുന്‍ ക്യാപ്റ്റന്റെ മികവ് അറിഞ്ഞുതന്നെയാണ്. കഴിഞ്ഞദിവസം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയും കണ്ടു ധോണിയുടെ അത്ഭുതപ്പെടുത്തുന്ന നീക്കം.
രവീന്ദ്ര ജഡേജയെ തുടരെ ബൗണ്ടറിയടിച്ച് ഫോമിലേക്ക് തിരിച്ചുവരികയായിരുന്ന ഷാക്കിബ് അല്‍ ഹസ്സനെ ധോണിയുടെ നിര്‍ണായക നീക്കത്തില്‍ തൊട്ടടുത്ത പന്തില്‍ പുറത്താക്കി. മത്സരത്തിലെ പത്താം ഓവറിലാണ് സംഭവം. ജഡേജയെ രണ്ടുതവണ ബൗണ്ടറിയിലേക്ക് പായിച്ചതോടെ ധോണി രോഹിത് ശര്‍മയ്ക്ക് ഫീല്‍ഡിങ് മാറ്റത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതുവരെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശിഖര്‍ ധവാനെ ഷോര്‍ട്ട് ലെഗിലേക്ക് മാറ്റാനായിരുന്നു ധോണിയുടെ നിര്‍ദ്ദേശം. അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറിയടിക്കാനുള്ള ഷാക്കിബിന്റെ ശ്രമം ഷോര്‍ട്ട് ലെഗ്ഗിലെ ധവാന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജഡേജയുടെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നീട് മൂന്നു വിക്കറ്റുകള്‍കൂടി വീഴ്ത്തി താരം മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു