ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിന്റെ 262 റണ്‍സ് പിന്തുടര്‍ന്ന് ശ്രീലങ്ക 35.2 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീം നേടിയ 144 റണ്‍സ് പോലും എല്ലാ ശ്രീലങ്കന്‍ താരങ്ങള്‍ക്കും ചേര്‍ന്ന് നേടാനായില്ല.

ടീമിന്റെ മൊത്തം പ്രകടനം മോശമായിരുന്നെന്ന് മാത്യൂസ് മത്സരശേഷം പറഞ്ഞു. മൂന്നു റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നുപേര്‍ മടങ്ങിയിട്ടും ബംഗ്ലാദേശിനെ തളച്ചിടാന്‍ കഴിഞ്ഞില്ല. ക്യാച്ചുകള്‍ കൈവിട്ടതും മുഷ്ഫിഖുറിന്റെ കളിയും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. പിന്തുടരാവുന്ന സ്‌കോര്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തത് ബാറ്റ്‌സ്മാന്മാരുടെ പ്രകടനം മോശമായതുകൊണ്ടാണെന്നും മാത്യൂസ് ചൂണ്ടിക്കാട്ടി.
ആദ്യ ഓവറില്‍ ശ്രീലങ്ക നന്നായി തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാക്കി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഒരവസരത്തില്‍ 69 റണ്‍സെടുക്കുന്നതിനിടയില്‍ 7 വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ശ്രീലങ്ക. വാലറ്റത്ത് ദില്‍റുവാന്‍ പെരേര(29), സുരംഗ ലക്മല്‍(20) എന്നിവരുടെ ചെറുത്തുനില്‍ക്കാണ് ശ്രീലങ്കന്‍ സ്‌കോര്‍ 100 കടത്തിയത്. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ശ്രീലങ്കയുടെ രണ്ടാം മത്സരം ഈ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്താകും.