അശ്വിന്‍ മുതല്‍ ആമിര്‍ വരെ; ഈ ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട 5 ബൗളര്‍മാര്‍!
ബാറ്റ്‌സ്മാന്‍മാരുടെ കളിയായിട്ടാണ് ട്വന്റി 20 ക്രിക്കറ്റിനെ പൊതുവെ കണക്കാക്കുന്നത്. എത്ര സ്‌കോര്‍ വേണമെങ്കിലും അടിച്ചെടുക്കാവുന്ന കളി. ആകെയുള്ള 20 ഓവറില്‍ 6 ഓവര്‍ പവര്‍ പ്ലേ. ചെറിയ ബൗണ്ടറികള്‍. ഫ്രീ ഹിറ്റ് പോലെയുള്ള, ബൗളര്‍മാര്‍ക്ക് ഒരു സഹായവും നല്‍കാത്ത നിയമങ്ങള്‍. ഇവയോടെല്ലാം പൊരുതി വേണം ബൗളര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍.
എന്നാല്‍ ചില ബൗളര്‍മാരുണ്ട്. നാലോവര്‍ കൊണ്ട് കളിയുടെ ഗതി തന്നെ തിരിച്ചുവിട്ടുകളയും. ഇവരുടെ നാലോവര്‍ എങ്ങനെ കളിച്ചുതീര്‍ക്കും എന്നതാണ് എതിരാളികളുടെ തലവേദന. ഈ സൂപ്പര്‍ ബൗളര്‍മാരില്‍ ഇന്ത്യയില്‍ നിന്നും ഒരാളുണ്ട്. ആര്‍ അശ്വിന്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ബൗളര്‍ എന്ന് പേരുള്ള ആര്‍ അശ്വിന്‍ മുതല്‍ പാകിസ്താന്റെ പുതിയ സെന്‍സേഷന്‍ മുഹമ്മദ് ആമിര്‍ വരെയുള്ള ഈ പട്ടിക കാണൂ...

അവിശ്വസനീയ ആമിര്‍
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ഏഷ്യാകപ്പില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈ തിരിച്ചുവരവ്. ആദ്യത്തെ രണ്ടോവര്‍ തീര്‍ന്നപ്പോള്‍ വെറും 3 റണ്‍സ് വഴങ്ങി രോഹിത് ശര്‍മ, റെയ്‌ന, രഹാനെ എന്നിവരെയാണ് ആമിര്‍ വീഴ്ത്തിയത്. ശരാശരി ടീമുമായെത്തുന്ന പാകിസ്താന് ഈ ലോകകപ്പില്‍ ഉയര്‍ന്നുപറക്കണമെങ്കില്‍ ഈ 23കാരന്‍ വിചാരിക്കണം.

അശ്വിനെക്കൊണ്ട് ഒരു രക്ഷയുമില്ല
ഐ പി എല്ലിലൂടെ ധോണി കണ്ടെത്തിയ ബൗളറാണ് അശ്വിന്‍. ധോണിയുടെ ഏറ്റവും വിശ്വസ്തനും അശ്വിന്‍ തന്നെ. കൈകൊണ്ട് മാത്രമല്ല, തല കൊണ്ടും പന്തെറിയുന്ന ബൗളര്‍ എന്നാണ് അശ്വിന്റെ വിശേഷണം. നിലവില്‍ ട്വന്റിയിലെ നമ്പര്‍ വണ്‍. ഒന്നാമത്തെ ഓവറും ഇരുപതാമത്തെ ഓവറും ഒരേ മനക്കരുത്തോടെ എറിയുന്ന അശ്വിന്റെ വെറൈറ്റി ഏത് ക്ലാസ് ബാറ്റ്‌സ്മാനും വെല്ലുവിളിയാണ്.

ലസിത് മലിംഗ
ലസിത് മലിംഗയുടെ അവസാനത്തെ ട്വന്റി 20 ലോകകപ്പായിരിക്കും ഇത്. വിരമിക്കാന്‍ ഒരുങ്ങുന്ന ഇക്കാലത്തും മലിംഗയുടെ യോര്‍ക്കറുകള്‍ കീഴടക്കാനുള്ള മറുമരുന്ന് ഒരു ബാറ്റ്‌സ്മാനും കണ്ടുപിടിച്ചിട്ടില്ല. ഡെത്ത് ഓവറുകളില്‍ മലിംഗ തുടര്‍ച്ചയായി തൊടുക്കുന്ന യോര്‍ക്കറുകള്‍ മാച്ച് ഫിനിഷര്‍മാരുടെ പേടിസ്വപ്‌നം തന്നെയാണ്.

കഗീസോ റബാദ
രണ്ട് മാസം മുന്നേ സൗത്താഫ്രിക്ക ടീമിനെ ഇന്ത്യ വൈറ്റ് വാഷ് ചെയ്തുവിട്ടത് ഓര്‍ക്കുന്നോ. അന്ന് ആഫ്രിക്കന്‍ നിരയില്‍ എല്ലാവരും മങ്ങിയെങ്കിലും ഒരാള്‍ ശ്രദ്ധേയനായി. കഗീസോ റബാദ എന്ന ഫാസ്റ്റ് ബൗളര്‍. അതൊരു വരവായിരുന്നു. ഇന്ത്യയുടെ ഫിനിഷര്‍ ധോണിയെപ്പോലും നിശബ്ദനാക്കിക്കളഞ്ഞു റബാദ. ലോകകപ്പില്‍ സൗത്താഫ്രിക്ക തിളങ്ങണമെങ്കില്‍ റബാദയുടെ സ്‌പെല്ലുകള്‍ പ്രതീക്ഷ കാക്കണം.

മുഷ്താഫിസുര്‍ റഹ്മാന്‍
ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ സ്വപ്‌ന തുല്യമായ അരങ്ങേറ്റമാണ് മുഷ്താഫിസുര്‍ റഹ്മാനെ താരമാക്കിയത്. തുടര്‍ന്ന് അങ്ങോട്ടും ഈ പ്രതീക്ഷ കാക്കാന്‍ റഹ്മാന് സാധിച്ചു. ഐ പി എല്ലിലും മുഷ്താഫിസുര്‍ റഹ്മാന്‍ കളിക്കുന്നുണ്ട്. ഹൈദരാബാദിന് വേണ്ടി. ബംഗ്ലാദേശ് അവസാന റൗണ്ടിന് യോഗ്യത നേടിയാല്‍ ഈ ലോകകപ്പിലെ ശ്രദ്ധിക്കേണ്ട ബൗളര്‍മാരില്‍ ഒരാളാകും മുഷ്താഫിസുര്‍ റഹ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications