ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ മുന്നേറ്റം നടത്തി. നാലാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയ ആയിരുന്നു നേരത്തെ രണ്ടാം റാങ്കില്‍. പാകിസ്താന് മൂന്നാം സ്ഥാനത്തും. രണ്ട് സ്ഥാനങ്ങള്‍ കയറി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഓസ്ട്രേലിയ മൂന്നും പാകിസ്താന് നാലും സ്ഥാനങ്ങളിലായി. പരമ്പര തോറ്റെങ്കിലും ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നാല് മത്സരങ്ങളുടെ ടെസ്റ്റില്‍ 31 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് മാന്‍ ഓഫ് ദ സീരിസായി. അശ്വിന്റെ കരിയറിലെ അഞ്ചാമത്തെ മാന്‍ ഓഫ് ദ സീരിസ് പട്ടമാണിത്. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡ് നേടിയ പട്ടികയില്‍ സച്ചിന് തെണ്ടുല്‍ക്കര്‍, ഗ്ലെന്‍ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പമാണ് അശ്വിന്റെ സ്ഥാനം.
200 ടെസ്റ്റുകള്‍ കളിച്ചാണ് സച്ചിന് 5 വട്ടം മാന്‍ ഓഫ് ദ സീരിസായതെങ്കില് 29 കാരനായ അശ്വിന് ഈ നേട്ടത്തിലെത്താന്‍ വെറും 31 ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. 133 ടെസ്റ്റുകളിലായി 11 തവണ മാന്‍ ഓഫ് ദ സീരിസ് ആയ മുത്തയ്യ മുരളീധരന്റെ പേരിലാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്. ജാക്വിസ് കാലിസ് 9 തവണയും ഇമ്രാന് ഖാന്, ഷെയ്ന് വോണ്‍, ഹാഡ്ലീ എന്നിവര്‍ 8 തവണ വീതവും മാന്‍ ഓഫ് ദ സീരിസായിട്ടുണ്ട്.
രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന് അജിന്‍ക്യ രഹാനെയാണ് ദില്ലി ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച്. ചെന്നൈയിലെ പ്രളയബാധിതരായ ആളുകള്‍ക്ക് തന്റെ സെഞ്ചുറികളും മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും സമര്‍പ്പിക്കുന്നതായി അജിന്‍ക്യ രഹാനെ പറഞ്ഞു. ആര് അശ്വിന് നേരത്തെ ചെന്നൈയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.