കൊല്‍ക്കത്ത: പലപ്പോഴും അര്‍ഹിച്ച് പരിഗണന ലഭിക്കാതെ പോയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ബംഗാള്‍ പേസര്‍ അശോക് ഡിന്‍ഡ. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി ഏകദിന, ടി20 ടീമില്‍ കളിച്ചിട്ടും പരിഹാസം ഏല്‍ക്കേണ്ടി വന്ന ബൗളറാണ് അദ്ദേഹം. ഐപിഎല്ലിലടക്കം നിരവധി മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഒരിക്കല്‍ മുഹമ്മദ് ഷമിയോട് ഒരു വിക്കറ്റ് മാത്രം എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച സംബവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡിന്‍ഡ.
'അവസാനമായി ഷമിയോടൊപ്പം കളിച്ച മത്സരം ഞാന്‍ ഓര്‍ക്കുകയാണ്. എന്റെ 100ാമത്തെ മത്സരമായിരുന്നു അത്. ചത്തീസ്ഗഡായിരുന്നു എതിരാളികള്‍. രണ്ട് ദിവസംകൊണ്ട് ഞങ്ങള്‍ മത്സരം അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്‌സില്‍ രണ്ടു പേരും അഞ്ച് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്‌സില്‍ ഞങ്ങള്‍ രണ്ട് പേരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് അകലെ 100ാം മത്സരത്തില്‍ 10 വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ എനിക്ക് സാധിക്കും.
ഞാന്‍ ഷമിയോട് പറഞ്ഞു. ശ്രദ്ധിക്കൂ ഇതിന് മുമ്പ് ഒര് ഉപകാരം പോലും ഞാന്‍ ആവിശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു വിക്കറ്റ് വീഴ്ത്തരുത്. എനിക്ക് വേണ്ടി അത് വിട്ടുതരണം. ഫീല്‍ഡര്‍മാരെയെല്ലാം സ്ലിപ്പില്‍ നിര്‍ത്തി ഞാന്‍ പന്തെറിഞ്ഞു. ഞാന്‍10 വിക്കറ്റ് പൂര്‍ത്തിയാക്കുകയും ഷമിയോട് നന്ദി പറയുകയും ചെയ്തു'-സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിന്‍ഡ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ഡിന്‍ഡ 116 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 420 വിക്കറ്റാണ് നേടിയത്. ഇന്ത്യക്കായി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20യില്‍ നിന്ന് 17 വിക്കറ്റും നേടി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത ഡിന്‍ഡയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. 2013ലാണ് അവസാനമായി അദ്ദേഹം അന്താരാഷ്ട്ര മത്സരം കളിച്ചത്. 36ാം വയസില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹര്‍ദിക് പാണ്ഡ്യ ഒരു തവണ 30 റണ്‍സ് ഒരോവറില്‍ നേടിയതോടെ ആരാധകര്‍ പരിഹസിക്കുകയും ഡിന്‍ഡ അക്കാദമി എന്ന പേരില്‍ ട്രോളുകയും ചെയ്തു. മോശം പ്രകടനം നടത്തുന്ന ബൗളര്‍മാരെ ഡിന്‍ഡ അക്കാദമിയില്‍ ചേര്‍ക്കുവെന്ന തരത്തില്‍ പരിഹാസം തുടരുകയും ചെയ്തു. ഒരിക്കല്‍ തനിക്കെതിരായ ട്രോളുകള്‍ എങ്ങനെ വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. വളരെ പരിമിത സാഹചര്യങ്ങളില്‍ നിന്ന് കഷ്ടപ്പെട്ട് ക്രിക്കറ്റിലേക്ക് എത്തിയ തന്നെ ഇനിയും അപമാനിക്കരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.