മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടരുകയാണ്. ആഷസ് ടെസ്റ്റില്‍ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന്റെ മൂന്നാം മത്സരത്തിലെ തുടക്കവും അത്ര മികച്ചതല്ല. എന്നാല്‍ നായകനെന്ന നിലയില്‍ ജോ റൂട്ട് മികച്ച റെക്കോഡ് തുടരുകയാണ്. മെല്‍ബണില്‍ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് റൂട്ട് തകര്‍ത്തിരിക്കുന്നത്.
ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരിലാക്കിയിരിക്കുന്നത്. നിലവില്‍ 1651 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 2008ല്‍ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്ത് നേടി 1656 റണ്‍സിന്റെ റെക്കോഡാണ് റൂട്ട് തകര്‍ത്തത്. ഈ വര്‍ഷം നായകനെന്ന നിലയില്‍ റൂട്ടിന് മികവ് കാട്ടാനായില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം മിന്നും ഫോമിലാണ്.
ഇരട്ട സെഞ്ച്വറിയോടെ ഈ വര്‍ഷത്തിലേക്കുള്ള വരവറിയിച്ച റൂട്ട് 62.22 ശരാശരിയിലാണ് ഈ വര്‍ഷം ഇതുവരെ ബാറ്റ് ചെയ്തത്. ആറ് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് റൂട്ടിന് നേടാനായത്. ഒരു തവണ പൂജ്യത്തിനും പുറത്തായി. 228 റണ്‍സാണ് റൂട്ടിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ പുറത്താവാതെയും റൂട്ടിന് നില്‍ക്കാനായി.

2008ലാണ് ഗ്രെയിം സ്മിത്തിന്റെ റെക്കോഡ് പ്രകടനം പിറന്നത്. നായകനായിരുന്ന അദ്ദേഹം മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് നയിച്ചു. 25 ഇന്നിങ്‌സില്‍ നിന്ന് 72 ശരാശരിയില്‍ 1656 റണ്‍സാണ് സ്മിത്ത് നേടിയത്. ആറ് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടാന്‍ സ്മിത്തിന് സാധിച്ചു. 215 ഫോറും നാല് സിക്‌സുമാണ് ഇടം കൈയന്‍ ഓപ്പണറായിരുന്ന സ്മിത്ത് നേടിയത്.
റൂട്ടിന് നിലവില്‍ ഒമ്പത് അര്‍ധ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയിലുള്ളത്. ടെസ്റ്റ് സെഞ്ച്വറി നേടാത്ത സന്ദര്‍ശക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന നേട്ടം റൂട്ടിന്റെ പേരിലാണ്. റൂട്ടിന്റെ ഉറക്കം കെടുത്തുന്ന ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക് മാറുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. തുടര്‍ച്ചയായ അഞ്ചാം ഇന്നിങ്‌സിലാണ് റൂട്ടിനെ സ്റ്റാര്‍ക്ക് പുറത്താക്കുന്നത്.
ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് നേടാനുള്ള സുവര്‍ണ്ണാവസരവും റൂട്ടിന് മുന്നിലുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 109 റണ്‍സിലധികം നേടാന്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ റൂട്ടിന് സാധിക്കും. 2006ല്‍ 19 ഇന്നിങ്‌സില്‍ നിന്ന് 99.33 ശരാശരിയില്‍ 1788 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് യൂസഫാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഒമ്പത് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് മുഹമ്മദ് യൂസഫ് അന്ന് നടത്തിയത്.
രണ്ടാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. 1976ല്‍ 19 ഇന്നിങ്‌സില്‍ നിന്ന് 90 ശരാശരിയില്‍ 1710 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 31 റണ്‍സ് കൂടി നേടിയാല്‍ റിച്ചാര്‍ഡ്‌സനെ മറികടക്കാന്‍ റൂട്ടിന് സാധിക്കും. രണ്ടാം ഇന്നിങ്‌സില്‍ റൂട്ടിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ഈ റെക്കോഡുകള്‍ തീരുമാനിക്കുക.
മെല്‍ബണ്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണറുടെ (38) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.