സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിലും കളി ഓസീസ് വരുതിയിലാണ്. ചിരവൈരികളുടെ പോരാട്ടത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് നിലംതൊടാനാവാത്ത അവസ്ഥയാണെന്ന് പറയാം. സിഡ്‌നിയില്‍ ഇംഗ്ലണ്ട് പൊരുതുകയാണ്. ഇതിനിടെ മൂന്നാം ദിനത്തിന്റെ ആദ്യ സെക്ഷനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു സംഭവം നടന്നിരിക്കുകയാണ്.
ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്റെ പന്ത് സ്റ്റംപില്‍ കൊണ്ടിട്ടും ബെയ്ല്‍സ് വീഴുകയോ സ്റ്റംപ് ഇളകുകയോ ചെയ്യാത്തതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. പേസ് ബൗളറായ ഗ്രീനിന്റെ ഇന്‍സ്വിങ്ങര്‍ സ്റ്റംപില്‍ കൊള്ളുന്നത് വ്യക്തമാണെങ്കിലും ബെയ്ല്‍സോ സ്റ്റംപോ അനങ്ങുകയോ വീഴുകയോ ചെയ്തില്ല. ഇതെന്ത് മറിമായമെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. ക്രീസില്‍ ബാറ്റുചെയ്യുകയായിരുന്ന ബെന്‍ സ്റ്റോക്‌സിനും വിശ്വസിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഗ്രീനിന്റെ പന്ത് പുറത്തേക്കെന്ന് കരുതി ബാറ്റുയര്‍ത്തി സ്‌റ്റോക്‌സ് ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ പന്ത് കുത്തിയെത്തിയത് സ്റ്റംപിലേക്ക്. കൃത്യം ഓഫ് സ്റ്റംപില്‍ പന്ത് തട്ടി. എന്നാല്‍ ബെയ്ല്‍സോ സ്റ്റംപോ അനങ്ങിയില്ല. പന്ത് പുറകോട്ട് പോവുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവാത്തതില്‍ തേര്‍ഡ് അംപയര്‍ക്ക് തീരുമാനം വിട്ടു. വീഡിയോ പരിശോധിച്ചപ്പോഴാണ് രസകരമായ സംഭവം വ്യക്തമായത്.
ബെയ്ല്‍സോ സ്റ്റംപോ അനങ്ങാത്തതിനാല്‍ അംപയര്‍ നtuട്ടൗട്ട് വിളിച്ചു. തേര്‍ഡ് അംപയറിന്റെ വിധികേട്ടതും തങ്ങളുടെ നിര്‍ഭാഗ്യത്തെ തലയില്‍ കൈവെച്ചാണ് ഓസീസ് താരങ്ങള്‍ അംഗീകരിച്ചത്. സ്‌റ്റോക്‌സിന് വിശ്വസിക്കാനാവുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ ചിരയോടെയും അത്ഭുതത്തോടെയുമാണ് സ്‌റ്റോക്‌സ് പ്രതികരിച്ചത്.
എന്തുകൊണ്ടാണ് സ്റ്റംപോ ബെയ്ല്‍സോ വീഴാത്തതെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. കൃത്യമായി സ്റ്റംപില്‍ പന്തുകൊണ്ടിട്ടും വിക്കറ്റായി മാറാത്തതിന് കാരണമാണ് ആരാധകര്‍ ചികയുന്നത്. സ്റ്റംപിന്റെ പ്രശ്‌നമാണോ അതോ സ്റ്റംപ് നിലയുറപ്പിച്ചതിന്റെ പ്രശ്‌നമാണോ ഇതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ബെയ്ല്‍സില്‍ കൊണ്ടിട്ട് ബെയ്ല്‍സ് പൊങ്ങി സ്റ്റംപില്‍ത്തന്നെ ഇരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പേസ് ബൗളറുടെ പന്ത് സ്റ്റംപില്‍ കൊണ്ടിട്ടും വിക്കറ്റ് വീഴാത്തത് അപൂര്‍വ്വ സംഭവം തന്നെയാണ്. വീഡിയോ കണ്ട് തങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് ക്രിക്കറ്റ് പ്രമുഖരെല്ലാം പ്രതികരിച്ചിരിക്കുന്നത്. 'ഇത്തരമൊരു സംഭവം ഞാന്‍ കണ്ടിട്ടേയില്ല' എന്നാണ് റിക്കി പോണ്ടിങ് പറഞ്ഞത്.
പിന്നീട് നതാന്‍ ലിയോണിന് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ബെന്‍ സ്‌റ്റോക്‌സ് പുറത്തായത്. നിലവില്‍ ഇംഗ്ലണ്ട് ശക്തമായ പോരാട്ടം നടത്തുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 416 എന്ന നിലയിലാണ്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 191 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. ജോണി ബെയര്‍സ്‌റ്റോ (92*),മാര്‍ക്ക് വുഡ് (24) എന്നിവരാണ് ക്രീസില്‍.
ടോപ് ഓഡര്‍ പതിവുപോലെ നിരാശപ്പെടുത്തിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഹസീബ് ഹമീദ് (6),സാക്ക് ക്രോളി (18),ഡേവിഡ് മലാന്‍ (3) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നായകന്‍ ജോ റൂട്ട് (0) അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായും ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറും (0) തീര്‍ത്തും നിരാശപ്പെടുത്തി. ബെന്‍ സ്‌റ്റോക്‌സ് (66) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ബെയര്‍സ്റ്റോ-മാര്‍ക്ക് വുഡ് കൂട്ടുകെട്ട് സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമാവും.