
അരങ്ങേറ്റ മത്സരത്തില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച ബോളണ്ട് നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. പന്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നവരുടെ പട്ടികയിലാണ് അദ്ദേഹം ഇടം പിടിച്ചത്. 1947ല്‍ ഇന്ത്യക്കെതിരേ എര്‍നി ടൊഷാക്ക്, 2015ല്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ഇപ്പോഴിതാ സ്‌കോട്ട് ബോളന്‍ഡ് എന്നിവര്‍ 19 പന്തുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ടെസ്റ്റ് അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണിത്. 1895ല്‍ ആല്‍ബര്‍ട്ട് ട്രോട്ട് 43 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റും 1877ല്‍ ടോം കെന്‍ഡല്‍ 55 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റും വീഴ്ത്തിയിരുന്നു. ബോളണ്ട് വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും ആഷസ് ടെസ്റ്റിലൂടെയുള്ള അരങ്ങേറ്റം ബോളണ്ട് അവിസ്മരണീയമാക്കിയെന്ന് പറയാം.

മെല്‍ബണിലെ ഇംഗ്ലണ്ടിന്റെ പ്രകടനത്തെ ദയനീയമെന്ന് മാത്രമെ പറയാനാവൂ. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇംഗ്ലണ്ട് 185 റണ്‍സിനാണ് കൂടാരം കയറിയത്. പാറ്റ് കമ്മിന്‍സിന്റയും നതാന്‍ ലിയോണിന്റെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ജോ റൂട്ടിന്റെ (50) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 267 എന്ന ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തു. മാര്‍ക്കസ് ഹാരിസ് (76), ഡേവിഡ് വാര്‍ണര്‍ (38), ട്രവിസ് ഹെഡ് (27) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ നാലും ഒല്ലി റോബിന്‍സന്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ബെന്‍ സ്‌റ്റോക്‌സും ജാക്ക് ലീച്ചും ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

82 റണ്‍സിന്റെ ലീഡ് വഴങ്ങി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിനിറങ്ങുമ്പോള്‍ ഇത്രയും നാണംകെട്ട തകര്‍ച്ച സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഹസീബ് ഹമീദ് (7), സാക്ക് ക്രോളി (5), ഡേവിഡ് മലാന്‍ (0), ജോ റൂട്ട് (28), ജാക്ക് ലീച്ച് (0), ബെന്‍ സ്‌റ്റോക്‌സ് (11) ജോണി ബെയര്‍സ്‌റ്റോ (5), ജോസ് ബട്‌ലര്‍ (5*) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മാര്‍ക്ക് വുഡും ഒല്ലി റോബിന്‍സനും പൂജ്യത്തിന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഈ വര്‍ഷം ഡെക്കില്‍ പുറത്താവുന്ന കണക്കില്‍ ഇംഗ്ലണ്ട് താരങ്ങള്‍ റെക്കോഡിട്ടിരിക്കുകയാണ്. 55 തവണയിലധികമാണ് ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായത്. ഈ പരമ്പരയോടെ ജോ റൂട്ടിനെ ഇംഗ്ലണ്ട് നായകസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള സാധ്യതയുമേറെയാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ട് തിളങ്ങുമ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ വന്‍ പരാജയമാണ്. ഈ വര്‍ഷം വെറും നാല് ടെസ്റ്റിലാണ് ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായത്. 12 മത്സരത്തിലും തോറ്റു. വലിയ അഴിച്ചുപണിതന്നെ അടുത്ത വര്‍ഷം ഇംഗ്ലണ്ട് ടീമില്‍ നടത്തുമെന്നുറപ്പ്.


Click it and Unblock the Notifications











