കാര്‍ഡിഫ്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 308 റണ്‍സിന് ഓളൗട്ടായി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിഗ്‌സ് സ്‌കോറായ 430നെ ക്കാള്‍ 122 റണ്‍സ് കുറവ്. അതുകൊണ്ടും കഴിഞ്ഞില്ല, മൂന്നാം ദിവസം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സ് കളിക്കുന്ന ഇംഗ്ലണ്ട്.
രണ്ടിന്നിംഗ്‌സുകളും കൂടി നോക്കിയാല്‍ ഇംഗ്ലണ്ടിന് ഇപ്പോള്‍ത്തന്നെ 193 റണ്‍സിന്റെ മേല്‍ക്കൈ ഉണ്ട്. രണ്ടരദിവസവും എട്ട് വിക്കറ്റുകളും ബാക്കി. ഇംഗ്ലണ്ടിന്റെ ബാക്കി വിക്കറ്റുകള്‍ വേഗം തന്നെ വീഴ്ത്തിയില്ലെങ്കില്‍ ഓസ്‌ട്രേലിയ വന്‍ പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. ഇയാന്‍ ബെല്ലും ആദം ലിതുമാണ് ക്രീസില്‍. 22 ന് 2 എന്ന നിലയില്‍ നിന്നുമാണ് ഇംഗ്ലണ്ട് തിരിച്ചുകയറുന്നത്.

ഒന്നാമിന്നിംഗ്‌സില്‍ അഞ്ചിന് 264 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. സെഞ്ചുറിക്കടുത്ത് വരെ എത്തിയ ക്രിസ് റോജേഴ്‌സും സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയയുടെ പ്രധാന സ്‌കോറര്‍മാര്‍. റോജേഴ്‌സ് 95 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും മൊയിന്‍ അലി, ബ്രോഡ്, വുഡ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.