മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കറും ഇടം പിടിച്ചു. ശ്രീലങ്കയില്‍ ഇന്ത്യ രണ്ട് ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും കളിക്കും. ചതുര്‍ദിന മത്സരങ്ങളിലാണ് അര്ജുന് സ്ഥാനം നേടിയത്.
ധര്‍മശാലയില്‍ കഴിഞ്ഞയാഴ്ച നടന്ന അണ്ടര്‍ 19 ടീം ക്യാമ്പില്‍ അര്ജുന് പങ്കെടുത്തിരുന്നു. മുംബൈ ടീമിനുവേണ്ടി അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളില്‍ അംഗമായിരുന്നു ഈ പതിനെട്ടുകാരന്. ഓള്‍റൗണ്ടറായി അറിയപ്പെടുന്ന അര്ജുന് കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 18 വിക്കറ്റുകളും 94 റണ്‍സും നേടിയിരുന്നു.
സച്ചിന്റെ മകനാണെങ്കിലും പിതാവിന്റെ പ്രതിഭയ്ക്കൊത്ത കളി മികവ് അര്ജുന് ലഭിച്ചിട്ടില്ല. ശരാശരി പ്രകടനക്കാരന്‍ മാത്രമായ താരത്തെ നേരത്തെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിനും ഇടനല്‍കിയിരുന്നു. കഴിവുള്ള താരങ്ങളെ പുറത്തിരുത്തിയാണ് അര്ജുന് അവസരം നല്‍കിയതെന്നായിരുന്നു ചിലരുടെ ആരോപണം. അണ്ടര്‍ 19 ടീമില്‍ ഇടം നേടിയതോടെ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുള്ള അവസരം കൂടി അര്ജുന് ലഭിച്ചിരിക്കുകയാണ്. അനുജ് രാവത് ആണ് ശ്രീലങ്കയില്‍ ചതുര്‍ദിന ടീമിനെ നയിക്കുക. ആര്യന് ജുയാല്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു.