ബ്രിസ്‌ബേന്‍: വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ ഇരട്ടസെഞ്ചുറിക്ക് പിന്നാലെ ലോകകപ്പില്‍ വീണ്ടും സെഞ്ചുറി. യു എ ഇയുടെ ഷൈമാന്‍ അന്‍വറാണ് ഈ മനോഹര സെഞ്ചുറിക്ക് ഉടമ. ലോകകപ്പില്‍ യു എ ഇ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. ലോകകപ്പില്‍ ആദ്യത്തെതും. ചൊവ്വാഴ്ച ക്രിസ് ഗെയ്ല്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യത്തെ വെസ്റ്റ് ഇന്‍ഡീസ് താരമായിരുന്നു.
വെറും 83 പന്തിലാണ് ഷൈമാന്‍ അന്‍വര്‍ ലോകകപ്പില്‍ യു എ ഇയുടെ ആദ്യത്തെ സെഞ്ചുറി അടിച്ചെടുത്തത്. 10 ഫോറും 1 സിക്‌സും അന്‍വര്‍ പറത്തി. സെഞ്ചുറി നേടുക മാത്രമല്ല യു എ ഇയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കര കയറ്റാനും അന്‍വറിന്റെ 106 റണ്‍സിന് സാധിച്ചു. ആറ് വിക്കറ്റിന് 131 എന്ന നിലയില്‍ പതറിയ യു എ ഇയെ അന്‍വറും ജാവേദും ചേര്‍ന്ന് 278 വരെ എത്തിച്ചു.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് യു എ ഇയെ തുടക്കം മുതല്‍ ബുദ്ധിമുട്ടിച്ചു. 49 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് യു എ ഇയെ പ്രതിരോധത്തിലാക്കി. 2ന് 53, 3 ന് 73, 4ന് 78 എന്നിങ്ങനെയായിരുന്നു അവരുടെ സ്‌കോര്‍ മുന്നോട്ട് നീങ്ങിയത്. എട്ടാം വിക്കറ്റില്‍ അന്‍വറും ജാവേദും ചേര്‍ന്നാണ് കൡയു എ ഇയ്ക്ക് അനുകൂലമാക്കി തിരിച്ചത്.
ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രിയാന്‍ ഏഴോവറില്‍ 61 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അയര്‍ലന്‍ഡ് 12 ഓവറില്‍ 1 വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 300 ന് മേല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് ജയിച്ചിരുന്നു.