2026 ടി20 ലോകകപ്പിലെ ഫോം ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മികച്ചതാണെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മയുടെ കാര്യമെടുത്താൽ അങ്ങനെയല്ല. കളിച്ച രണ്ട് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാതെയാണ് അഭിഷേക് പുറത്തായത്. നിരവധി വിമർശനങ്ങൾ ഇതിനെ ചുറ്റിപ്പറ്റി പുറത്ത് വന്നെങ്കിലും ഒരുപാട് പേർ അഭിഷേകിനെ പിന്തുണച്ചും പുറത്ത് വന്നിരുന്നു.
നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഫോമിൽ താൻ ഒട്ടും ആശങ്കാകുലനല്ലെന്ന് ബംഗാർ വ്യക്തമാക്കി.

അഭിഷേക് കളി മാറ്റുന്ന താരം:
"സത്യം പറഞ്ഞാൽ എനിക്ക് ഇതിൽ വലിയ ആശങ്കയില്ല. കാരണം അഭിഷേക് ഇതുവരെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടില്ല. വയറിന് അസുഖം ബാധിച്ചതിനാൽ രണ്ടാം മത്സരത്തിൽ താരത്തിന് വിട്ടുനിൽക്കേണ്ടി വന്നു. കൊളംബോയിലെ സമ്മർദ്ദമേറിയ മത്സരത്തിൽ കളിക്കാനായി എന്നത് തന്നെ വലിയ കാര്യമാണ്. ടീമിന്റെ മൊത്തം ഗതി മാറ്റാൻ കെൽപ്പുള്ള താരമാണ് അഭിഷേക്. കരിയറിൽ ഇത്തരം ഒരു ഘട്ടം ആദ്യമായല്ല, അവസാനവുമല്ല," ബംഗാർ ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് പറഞ്ഞു.
മാനസികമായ മാറ്റങ്ങൾ പ്രധാനം:
അഭിഷേക് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും എന്നാൽ ചിന്താഗതിയിൽ ചില ക്രമീകരണങ്ങൾ ആവശ്യമാണെന്നും ബംഗാർ നിർദ്ദേശിച്ചു. "തന്റെ കഴിവിനെ അഭിഷേക് സംശയിക്കേണ്ടതില്ല. മനസ്സ് കളിക്ക് മുന്നേ ഓടുമ്പോഴാണ് പിഴവുകൾ സംഭവിക്കുന്നത്. വെപ്രാളം കുറച്ച് ക്രീസിൽ ശാന്തനായി നിൽക്കാൻ കഴിഞ്ഞാൽ നെതർലൻഡ്‌സിനെതിരെ മികച്ച സ്കോർ കണ്ടെത്താൻ അഭിഷേകിന് സാധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ബാറ്റിംഗ് ഓർഡറിൽ മാറ്റമില്ല:
മധ്യനിരയിൽ റിങ്കു സിംഗിന് കൂടുതൽ അവസരം നൽകാൻ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തണമോ എന്ന ചോദ്യത്തിന് ബംഗാർ വിയോജിപ്പ് പ്രകടിപ്പിച്ചു. "ആർക്കെങ്കിലും അവസരം നൽകാൻ വേണ്ടി മാത്രം ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തുന്നത് ശരിയല്ല. നിലവിൽ ഇന്ത്യൻ ടീം അതിന്റെ കൃത്യമായ ബാലൻസ് കണ്ടെത്തിക്കഴിഞ്ഞു. സെലക്ടർമാർ മികച്ച രീതിയിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സെറ്റായ ലൈനപ്പിൽ പരീക്ഷണങ്ങൾ നടത്തുന്നത് ഗുണകരമാകില്ല," ബംഗാർ വ്യക്തമാക്കി.
40 ടി20 മത്സരങ്ങളിൽ നിന്ന് 193.29 സ്ട്രൈക്ക് റേറ്റിൽ 1,297 റൺസ് നേടിയ അഭിഷേകിന്റെ റെക്കോർഡ് അദ്ദേഹത്തിന്റെ മികവിനുള്ള തെളിവാണ്. തുടർച്ചയായ മൂന്ന് ജയങ്ങളുമായി ഇന്ത്യ ഇതിനകം സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞു.
അഭിഷേക് ശർമ്മയുടെ കരിയർ സ്റ്റാറ്റിസ്റ്റിക്സ്
മത്സരങ്ങൾ - 40
ആകെ റൺസ് - 1,297
ശരാശരി - 35.05
സ്ട്രൈക്ക് റേറ്റ് - 193.29
സെഞ്ചുറികൾ - 2
അർദ്ധ സെഞ്ചുറികൾ - 8