
ആകെ കളി, അതിലെ വിജയം
അനിൽ കുംബ്ലെയുടെ കീഴിൽ ഇന്ത്യ കളിച്ചത് 17 ടെസ്റ്റുകളാണ്. ഇതിൽ 12 എണ്ണം വിജയിച്ചു. 13 ഏകദിനത്തിൽ എട്ടെണ്ണം ജയിച്ചു. 4 ട്വന്റി 20 മത്സരങ്ങളിൽ 2 എണ്ണം ജയിച്ചു. എങ്ങനെ നോക്കിയാലും ശരാശരിക്ക് മേലെ.

വെസ്റ്റ് ഇൻഡീസിന് എതിരെ
കുംബ്ലെ കോച്ചായ ശേഷം ഇന്ത്യ ആദ്യമായി കളിച്ചത് വെസ്റ്റ് ഇൻഡീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയാണ്. അതും വെസ്റ്റ് ഇൻഡീസിൽ. 2 - 0 എന്ന സ്കോറിന് ഇന്ത്യ പരമ്പര ജയിച്ചു. എന്നാൽ ഈ പരമ്പരയിലെ ട്വന്റി 20 ഇന്ത്യ തോറ്റു.

ന്യൂസിലൻഡിനോട്
ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. ഇതോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തും എത്തി. ഏകദിന പരമ്പര ഇന്ത്യ 3 -2 ന് ജയിച്ചു

ഇംഗ്ലണ്ടിനെ കീഴടക്കി
ശക്തമായ ടീമുമായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ 4 - 0 ത്തിന് തോൽപിച്ച് ഇന്ത്യ കരുത്ത് കാട്ടി. ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചെങ്കിലും ബാക്കി നാല് ടെസ്റ്റും ഇന്ത്യ ജയിക്കുകയായിരുന്നു. ഏകദിന, ട്വന്റി പരമ്പരകളും ഇന്ത്യ ജയിച്ചു.

ഓസ്ട്രേലിയ, ബംഗ്ലാദേശ്
ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റ് തോറ്റു. കുംബ്ലെയുടെ ആദ്യത്തെ തോൽവി. എന്നാല്‍ രണ്ട് ടെസ്റ്റുകൾ ജയിച്ച് പരമ്പര 2 -1 ന് ഇന്ത്യ സ്വന്തമാക്കി. ഇതിന് തൊട്ടുമുമ്പായി എത്തിയ ബംഗ്ലാദേശിനോടും ഇന്ത്യ ജയിച്ചു. ഒറ്റ ടെസ്റ്റ് മാത്രമേ ഈ പരമ്പരയിൽ ഉണ്ടായിരുന്നുള്ളൂ

ചാമ്പ്യൻസ് ട്രോഫിയിൽ
ആദ്യകളിയിൽ പാകിസ്താനെ തോൽപിച്ച് തുടങ്ങി. പിന്നെ ലങ്കയോട് തോറ്റു. നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. സെമിയിൽ ബംഗ്ലാദേശിനെ. എന്നാൽ ഫൈനലിൽ പാകിസ്താനോട് തോറ്റു. ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം സ്ഥാനത്ത്.


Click it and Unblock the Notifications











