സെന്റ് കിറ്റ്‌സ്: ക്രിക്കറ്റ് കളിക്കാരാണ് സൂപ്പര്‍ താരങ്ങളാണ് എന്ന ചിന്തയുമായി പുതിയ കോച്ച് അനില്‍ കുംബ്ലെയെ സമീപിച്ചാല്‍ പണികിട്ടും. ഇന്ത്യന്‍ ടീമില്‍ അച്ചടക്കം കൊണ്ടുവരാനും ടീമിനെ കൂടുതല്‍ പ്രൊഫഷണല്‍ ആക്കാനും ഒരുപിടി പരിഷ്‌കാരങ്ങളാണ് കോച്ച് അനില്‍ കുംബ്ലെ കൊണ്ടുവരുന്നത്. ടീം ബസ് പിടിക്കാന്‍ വൈകിയെത്തുന്നവര്‍ക്ക് 50 ഡോളര്‍ പിഴയില്‍ തുടങ്ങുന്നു അനില്‍ കുംബ്ലെയുടെ ജംബോ നിയമങ്ങള്‍.
അനില്‍ കുംബ്ലെയുടെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ നാല് ദിവസം കൂടുമ്പോഴും വിശദമായ റിവ്യൂ സെക്ഷന്‍സ് ഇനി മുതല്‍ ഉണ്ടായിരിക്കും. തന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്നും കുംബ്ലെ കളിക്കാരോട് പറഞ്ഞു. കളിക്കാര്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കുന്ന കോച്ചാണ് കുംബ്ലെ. അതോടൊപ്പം അച്ചടക്കത്തെക്കുറിച്ചും കളിക്കാര്‍ ബോധവാന്മാരായിരിക്കണം.

കഴിഞ്ഞ ദിവസം ലണ്ടനില്‍ സംസാരിക്കവേ സച്ചിന്‍ തെണ്ടുല്‍ക്കറും കുംബ്ലെയുടെ നേതൃത്വ പാടവത്തെ പുകഴ്ത്തിയിരുന്നു. കളിക്കളത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പോരാളി എന്നാണ് സച്ചിന്‍ പറഞ്ഞത്. കുംബ്ലെയെക്കാളും മികച്ച ഒരു കോച്ചിനെ ഇന്ത്യയ്ക്ക് കിട്ടാനില്ല എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. കോച്ചായി ചുമതല ഏറ്റ ശേഷം അനില്‍ കുംബ്ലെയുടെ ആദ്യത്തെ പരീക്ഷയാണ് വെസ്റ്റ് ഇന്‍ഡീസില്‍. നാല് ടെസ്റ്റുകളാണ് ഇന്ത്യ ഈ പര്യടനത്തില്‍ കളിക്കുന്നത്.