കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുന്‍ കളിക്കാരായ സച്ചിനോടും ദ്രാവിഡിനോടും താരതമ്യം ചെയ്യരുതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ്. ഇന്ത്യന്‍ താരങ്ങള്‍ ചെറുപ്പമാണ്. അവര്‍ അവരുടെ പ്രായത്തിനനുസരിച്ച് നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ താരതമ്യം അനാവശ്യമാണെന്ന് മാത്യൂസ് പറഞ്ഞു.
സങ്കക്കാരയേയും ജയവര്‍ധനയേയും മറ്റു ശ്രീലങ്കന്‍ കളിക്കാരുമായി താരതമ്യം ചെയ്യുന്നതിന് തുല്യമാണത്. ദ്രാവിഡ്, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവര്‍ മികച്ച കളിക്കാരാണ്. എന്നാല്‍, ഇപ്പോഴുള്ള ഇന്ത്യന്‍ ടീം ചെറുപ്പവും കളി പരിചയം കുറവുള്ളവരുമാണ്. അവര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇനിയും അവസരങ്ങളുണ്ടെന്നും മാത്യൂസ് വിലയിരുത്തി.

ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സിനടുത്ത് ലീഡ് നേടിയിട്ടും അപ്രതീക്ഷ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ്. ബാറ്റിങ്ങില്‍ 162 റണ്‍സെടുത്ത ദിനേഷ് ചാന്‍ഡിമാലും ബൗളിങ്ങില്‍ രംഗണ ഹെരാത്തുമാണ് ഇന്ത്യന്‍ ടീമിനെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിവിട്ടത്.
സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി എന്നിവര്‍ വിരമിച്ചശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ ബൗളിങ്ങിനെ കളിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് തെളിക്കുന്നതാണ് ശ്രീലങ്കയിലെ ആദ്യ ടെസ്റ്റ്. നേരത്തെ ഇംഗ്ലണ്ടില്‍ വെച്ച് മോയിന്‍ അലിയും സമാന രീതിയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ പിച്ചിച്ചീന്തിയിരുന്നു.