Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം തളര്‍ത്താത്ത പോരാളി; ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍, നിസ്സാരക്കാരനല്ല ആന്‍ഡേഴ്‌സന്‍

ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി ഇതിഹാസ ബൗളര്‍മാര്‍ കടന്നു പോയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ഇതിഹാസങ്ങളായി വാഴ്ത്തപ്പെട്ടവര്‍ ഓരോ ടീമിനുമുണ്ടായിരുന്നു. ഇംഗ്ലണ്ടിനും ഉണ്ടായിട്ടുണ്ട് അതുപോലെ ഇതിഹാസങ്ങളായി വിലയിരുത്തപ്പെട്ട ബൗളര്‍മാര്‍.

എന്നാല്‍, പ്രായം തളര്‍ത്താതെ ഇപ്പോഴും കളിക്കളത്തില്‍ എതിരാളികളുടെ പേടിസ്വപ്‌നമായ ഒരു ബൗളറുണ്ട് ഇംഗ്ലണ്ടിന്. മറ്റാരുമല്ല, 36 കാരനായ ജെയിംസ് ആന്‍ഡേഴ്‌സന്‍. വലംകൈയ്യന്‍ മീഡിയം പേസറായ ആന്‍ഡേഴ്‌സനു മുന്നില്‍ മറികടക്കാത്ത ഇംഗ്ലീഷ് ബൗളിങ് റെക്കോഡുകള്‍ കുറവാണ്.

ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍

ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍


ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങില്‍ നിലവില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്് മറ്റാരുമല്ല. പ്രായം തളര്‍ത്താത്ത പോരാളിയായി വിലയിരുത്തപ്പെടുന്ന ആന്‍ഡേഴ്‌സന്‍ തന്നെയാണ് റാങ്കിങില്‍ അമരത്ത്.

903 പോയിന്റുമായാണ് നിലവില്‍ ആന്‍ഡേഴ്‌സന്‍ റാങ്കിങില്‍ തലപ്പത്ത് തുടരുന്നത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാണ്ടയാണ് ആന്‍ഡേഴ്‌സനു പിന്നില്‍. 882 പോയിന്റാണ് റബാണ്ടയ്ക്കുള്ളത്.

38 വര്‍ഷത്തിനു ശേഷം 900 പോയിന്റ്

38 വര്‍ഷത്തിനു ശേഷം 900 പോയിന്റ്

38 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ 900 പോയിന്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. നിലവില്‍ 903 പോയിന്റുമായാണ് റാങ്കിങില്‍ ആന്‍ഡേഴ്‌സന്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

1980ല്‍ ഇയാന്‍ ബോത്തമാണ് അവസാനമായി ബൗളിങില്‍ 900 പോയിന്റ് നേടിയത്. 900 പോയിന്റ് നേടുന്ന ഏഴാമത്തെ ഇംഗ്ലണ്ട് ബൗളറാണ് ആന്‍ഡേഴ്‌സന്‍. സിഡ്‌നി ബാര്‍നെസ് (932), ജോര്‍ജ് ലോഹ്മാന്‍ (931), ടോണി ലോക്ക് (912), ബോത്തം (911), ഡെറെക് അണ്ടര്‍വുഡ് (907), അലെക് ബേഡ്‌സെര്‍ (903) എന്നിവരാണ് ഇതിനു മുമ്പ് 900 പോയിന്റ് നേടിയ ഇംഗ്ലീഷ് ബൗളര്‍മാര്‍.

900 പോയിന്റിലെത്തിച്ചത് ലോര്‍ഡ്‌സിലെ പ്രകടനം

900 പോയിന്റിലെത്തിച്ചത് ലോര്‍ഡ്‌സിലെ പ്രകടനം

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലണ്ട് വിജയത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ആന്‍ഡേഴ്‌സന്‍. തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായ ലോര്‍ഡ്‌സില്‍ ഇത്തവണയും ആന്‍ഡേഴ്‌സന്‍ നിറഞ്ഞാടിയപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ പിഴുതത്. ലോര്‍ഡ്‌സിലെ പ്രകടനത്തോടെയാണ് ആന്‍ഡേഴ്‌സന്റെ റേറ്റിങ് പോയിന്റ് ഉയര്‍ന്നത്. 900 പോയിന്റിലെത്തിച്ചതും ലോര്‍ഡ്‌സിലെ പ്രകടനമായിരുന്നു.

ലോര്‍ഡ്‌സില്‍ വിക്കറ്റില്‍ സെഞ്ച്വറി

ലോര്‍ഡ്‌സില്‍ വിക്കറ്റില്‍ സെഞ്ച്വറി

ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിലൂടെ മറ്റൊരു അപൂര്‍വ്വ നേട്ടവും ആന്‍ഡേഴ്‌സന്റെ തന്റെ പേരിലെഴുതി ചേര്‍ത്തു. ലോര്‍ഡ്‌സില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ബൗളറെന്ന റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ കുറിച്ചത്.

അതോടൊപ്പം ഒരു വേദിയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന റോക്കോഡും ആന്‍ഡേഴ്‌സന്റെ അക്കൗണ്ടിലായി. 103 വിക്കറ്റുകളാണ് ലോര്‍ഡ്‌സില്‍ ഇതുവരെ ആന്‍ഡേഴ്‌സന്‍ നേടിയത്.

500 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളര്‍

500 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളര്‍

500 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറെന്ന റെക്കോഡും ആന്‍ഡേഴ്‌സന്റെ പേരില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആന്‍ഡേഴ്‌സന്‍ ഈ നേട്ടം കൊയ്തത്.

നിലവില്‍ 140 മല്‍സരങ്ങളില്‍ നിന്ന് 553 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്റെ തന്റെ പേരിലാക്കി കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് ആന്‍ഡേഴ്‌സന്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോഴേക്കും ഓസീസ് ഇതിഹാസ ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിനെ ആന്‍ഡേഴ്‌സന്‍ മറികടക്കാനുള്ള സാധ്യ കൂടുതലാണ്. 563 വിക്കറ്റാണ് നാലാം സ്ഥാനത്തുള്ള മഗ്രാത്തിന്റെ അക്കൗണ്ടിലുള്ളത്.

മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റ്), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് മഗ്രാത്ത് കഴിഞ്ഞാല്‍ ആന്‍ഡേഴ്‌സനു മുന്നിലുള്ള വിക്കറ്റ് വേട്ടക്കാര്‍.

ആന്‍ഡേഴ്‌സന്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം സ്റ്റുവര്‍ട്ട് ബ്രോഡാണ്. നിലവില്‍ 424 വിക്കറ്റുകളാണ് 32 കാരനായ ബ്രോഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി വീഴ്ത്തിയിട്ടുള്ളത്.

ഏകദിനത്തിലും ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍

ഏകദിനത്തിലും ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍

ഇംഗ്ലണ്ടിനു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് ആന്‍ഡേഴ്‌സന്‍. 194 മല്‍സരങ്ങളില്‍ നിന്ന് 269 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ നേടിയത്. 234 വിക്കറ്റ് നേടിയ ഡാരന്‍ ഗഫാണ് രണ്ടാം സ്ഥാനത്ത്. 178 വിക്കറ്റുമായി ബ്രോഡ് മൂന്നാം സ്ഥാനത്തുണ്ട്.

Story first published: Tuesday, August 14, 2018, 14:02 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+