പല്ലക്കലെ: ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ദയനീയമായി തോറ്റ ശ്രീലങ്കൻ ടീമിനെ കളിയാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ശ്രീലങ്കയുടെ കളിയെ ഒരു ടെസ്റ്റ് മത്സരമായി പോലും കാണാൻ പറ്റില്ല എന്നാണ് ഗാവസ്കറുടെ അഭിപ്രായം. ഈ പരമ്പരയിൽ ഇന്ത്യൻ ടീം ടെസ്റ്റ് ചെയപ്പെട്ടിട്ടേ ഇല്ല - സോണി ചാനലില്‍ ചർച്ചയ്ക്കിടെ ഗാവസ്കർ പറഞ്ഞു.
സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ശ്രീലങ്ക കളിച്ച കളിയിലും ഗാവ്സകർ തീരെ തൃപ്തനല്ല. ഈ ശ്രീലങ്കൻ ടീമിനോട് ജയിക്കാൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു എലൈറ്റ് രഞ്ജി ടീം മതി - ഗാവ്സകർ തുറന്നടിച്ചു. ആദ്യത്തെ രണ്ട് ടെസ്റ്റുകളും ദയനീയമായി തോറ്റ ശ്രീലങ്ക മൂന്നാം ടെസ്റ്റിലും പൊരുതാതെ കീഴടങ്ങുന്നത് കണ്ടപ്പോഴാണ് ഗാവസ്കർ ഇത് പറഞ്ഞത്. ഗാവസ്കറുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് മൂന്നാം ടെസ്റ്റ് ലങ്ക മൂന്നാം ദിവസം തോൽക്കുകയും ചെയ്ത.

ഗാവ്സകറെ പോലെ തന്നെ മുൻ ഇന്ത്യൻ താരങ്ങളായ ബിഷൻ സിംഗ് ബേദി, സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര എന്നിവരും ലങ്കയെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക മൂന്നാം ടെസ്റ്റ് കളിക്കുന്ന സ്ഥലം കാൻഡി. ഇന്ത്യൻ ടീമിന് ശ്രീലങ്ക അനുഭവപ്പെടുന്നതും ഒരു കാൻഡി പോലെ - മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ സഞ്ജയ് മഞ്ജരേക്കർ എഴുതി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് പിന്നാലെ അഞ്ച് ഏകദിനവും 1 ട്വന്റി 20യും ഇന്ത്യ ലങ്കയിൽ കളിക്കുന്നുണ്ട്.