Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആ പാർട്ണർഷിപ്പ് ഇല്ലായിരുന്നെങ്കിൽ ആർസിബി 200 കടക്കില്ലായിരുന്നു! ക്രുണാലിനെ വാനോളം പുകഴ്ത്തി റായുഡു

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ആർസിബി ഫൈനലിൽ കടന്നതിന് പിന്നാലെ, മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു രംഗത്ത്. വലിയ വേദികളിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാനുള്ള ക്രുണാലിന്റെ കഴിവിനെയാണ് റായുഡു എടുത്തുപറഞ്ഞത്. ഇഎസ്‌പിഎൻ ക്രിക്ഇൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീമിന് സ്ഥിരത നൽകിയ ഇന്നിങ്സ്

മധ്യനിരയിൽ തകർത്തടിച്ച ക്യാപ്റ്റൻ രജത് പടിദാറിനൊപ്പം മികച്ച പിന്തുണ നൽകിയ ക്രുണാലിന്റെ ഇന്നിങ്സ് ടീമിന് വലിയ സുരക്ഷിതത്വമാണ് നൽകിയതെന്ന് റായുഡു വിലയിരുത്തി. "ക്രുണാൽ പാണ്ഡ്യ കാലങ്ങളായി ഇത്തരത്തിലുള്ള വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ്. ഇത്തരം വലിയ വേദികളിൽ അവൻ എപ്പോഴും മികച്ചു നിൽക്കാറുണ്ട്. ആർസിബി ഇന്നിങ്സിന്റെ മധ്യ ഓവറുകളിൽ വലിയൊരു സ്ഥിരതയും വേഗതയും നൽകാൻ ക്രുണാലിന് കഴിഞ്ഞു. ആ സമയത്ത് ആർസിബിക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കിൽ അവർക്ക് പരമാവധി 200 റൺസ് മാത്രമേ നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പടിദാറും ക്രുണാലും തമ്മിലുള്ള ആ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്." റായുഡു പറഞ്ഞു.

krunalpandya-2

ക്രുണാലിലെ ബാറ്റർ കൂടുതൽ മെച്ചപ്പെടുന്നു

മത്സരത്തിൽ 28 പന്തിൽ നിന്നും 43 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയുടെ ബാറ്റിംഗിലെ പുതിയ ശൈലിയെയും റായുഡു പുകഴ്ത്തി. "ക്രുണാൽ സാധാരണയായി കളിക്കാത്ത ചില പുതിയ ഷോട്ടുകൾ ഈ മത്സരത്തിൽ കളിക്കുന്നത് നമ്മൾ കണ്ടു. വിക്കറ്റ് കീപ്പർക്ക് മുകളിലൂടെയുള്ള ലാപ് ഷോട്ടുകൾ ഉൾപ്പെടെയുള്ളവ അതിന് ഉദാഹരണമാണ്. ഒരു ബാറ്റർ എന്ന നിലയിൽ അവൻ ഇപ്പോഴും എത്രത്തോളം മെച്ചപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഞാൻ പറയുന്നില്ല, എങ്കിലും വരാനിരിക്കുന്ന അടുത്ത 4-5 വർഷങ്ങളിൽ ടീമിന്റെ പ്രധാന മാച്ച് വിന്നറായി മാറാൻ തന്നെയാണ് ക്രുണാൽ ശ്രമിക്കുന്നത്." റായുഡു കൂട്ടിച്ചേർത്തു.

ക്വാളിഫയർ മത്സരത്തിൽ ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും 3.3 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് 2 നിർണായക വിക്കറ്റുകൾ വീഴ്ത്തി ക്രുണാൽ പാണ്ഡ്യ ആർസിബിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.

ചരിത്ര സ്കോറുമായി ആർസിബി ഫൈനലിലേക്ക്

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നിട്ടും ആർസിബിക്ക് യാതൊരു പതർച്ചയുമുണ്ടായിരുന്നില്ല. രജത് പടിദാറിന്റെ 93 റൺസ് ഇന്നിങ്സിന് പുറമെ വിരാട് കോഹ്‌ലി (43), ക്രുണാൽ പാണ്ഡ്യ (43) എന്നിവരുടെ പ്രകടനവും കൂടിയായപ്പോൾ ആർസിബി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോറാണ് നേടിയത്. ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.

മറുപടി ബാറ്റിംഗിൽ 255 റൺസിന്റെ മലയോളം പോന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ആർസിബിയുടെ കണിശതയാർന്ന ബൗളിംഗിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. രാഹുൽ തെവാട്ടിയ (68) ഒറ്റയ്ക്ക് പോരാടിയെങ്കിലും 162 റൺസിന് ഗുജറാത്ത് ഓൾഔട്ടാവുകയായിരുന്നു. ഇതോടെ 92 റൺസിന്റെ കൂറ്റൻ ജയത്തോടെ ആർസിബി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. തോറ്റെങ്കിലും ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ഗുജറാത്തിന് ഇനി രണ്ടാം ക്വാളിഫയറിലൂടെ ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്.

Story first published: Wednesday, May 27, 2026, 8:26 [IST]
Other articles published on May 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+