ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും രഞ്ജി ക്രിക്കറ്റില്നിന്നുമാണ് വിരമിക്കല്‍. ഇതോടെ താരം പരിമിത ഓവര്‍ ക്രിക്കറ്റില്മാത്രമാകും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. ഇന്ത്യയുടെ നമ്പര്‍ നാല് സ്ഥാനത്ത് സജീവമായി പരിഗണനയിലുള്ള റായിഡു ലോകകപ്പിലും ഇതേ സ്ഥാനത്ത് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നല്കിയ കത്തില്‍ താന്‍ ചുവന്ന പന്ത് ഉപയോഗിച്ചു കളിയില്‍ നിന്നും വിരമിക്കുകയാണെന്നും വെളുത്ത പന്തുപയോഗിച്ചുള്ള കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണിതെന്നും റായിഡു പറയുന്നുണ്ട്. 2013-14 സീസണില്‍ റായിഡു ഇന്ത്യയുടെ ടെസ്റ്റ് ടീമിലും അംഗമായിരുന്നു. സൗത്ത് ആഫ്രിക്ക, ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും അരങ്ങേറ്റം സാധ്യമായില്ല. പിന്നീട് ടീമില്‍ ഇടംലഭിച്ചതുമില്ല.
ആഭ്യന്തര ക്രിക്കറ്റിലും, അന്താരാഷ്ട്ര തലത്തിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടരാനാണ് റായിഡുവിന്റെ തീരുമാനം. വര്‍ഷങ്ങളായി തനിക്ക് അവസരം നല്കിയ ബിസിസിഐ, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്, ബറോഡ ക്രിക്കറ്റ് അസോസിയേഷന്, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും റായിഡുവിന്റെ കത്തിലുണ്ട്.
സമീപകാലത്തായി ഇന്ത്യന്‍ ടീമിനുവേണ്ടി ഏകദിനത്തില്‍ റായിഡു മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനത്തിലെ പ്രകടനത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും താരത്തെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിലെ താരോദയമായി വാഴ്ത്തപ്പെട്ടിരുന്ന റായിഡു പതിനാറാം വയസിലാണ് ഹൈദരാബാദിനുവേണ്ടി രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബിസിസിഐ അനുമതിയില്ലാത്ത ടി20 ലീഗില്‍ കളിച്ചതിനെ തുടര്‍ന്ന് ഏറെനാള്‍ വിലക്കിലായത് കരിയറിനെ ബാധിച്ചു. മാപ്പുപറഞ്ഞ് തിരിച്ചുവന്നതിനുശേഷമാണ് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത്.