നാലാംനമ്പറില്‍ ആര്? ധോണിയും കോലിയും വേണ്ട!! ലക്ഷ്മണിന്റെ വോട്ട് ഈ താരത്തിന്...
മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് കുറച്ചുകാലമായി തുടരുന്ന തലവേദനയാണ് നാലാം നമ്പര്‍ സ്ഥാനം. ബാറ്റിങില്‍ നാലാമനായി ആരെ ക്രീസിലിറക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. പല താരങ്ങളെയും ഈ റോളിലേക്കു ഇന്ത്യ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞെങ്കിലും അവരൊന്നും അത്ര മികച്ച പ്രകടനമല്ല നടത്തിയിട്ടുള്ളത്.
ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇതേ ചോദ്യം തന്നെയാണ് ഇന്ത്യയെ അലട്ടുന്നത്. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍ ഈ പൊസിഷനിലേക്ക് ഒരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ്.

റായുഡു മതി
അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ താരമെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. നിലവില്‍ റായുഡു തന്നെയാണ് ഈ പൊസിഷനില്‍ ഇറങ്ങുന്നത്. റായുഡു തന്നെ തുടര്‍ന്നും നാലാമനായി ക്രീസിലെത്തുന്നതാണ് ഉചിതമെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് റായുഡു നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന കളിയില്‍ റായുഡു (90 റണ്‍സ്) മികച്ച ഇന്നിങ്‌സാണ് കളിച്ചത്. ഇത് മാച്ച് വിന്നിങ് ഇന്നിങ്‌സായി മാറുകയും ചെയ്തതായി ലക്ഷ്മണ്‍ വിലയിരുത്തി.

ഒരു വര്‍ഷത്തിനിടെ പലരും കളിച്ചു
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാം നമ്പര്‍ പൊസിഷനില്‍ ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, സുരേഷ് റെയ്‌ന എന്നിവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചിരുന്നു. ഒടുവിലാണ് റായുഡുവിനും ഈ റോള്‍ നല്‍കിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു ദേശീയ ടീമിലേക്കു തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ഇന്ത്യക്കായി 52 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റായുഡു 50.33 എന്ന മികച്ച ശരാശരിയില്‍ 1661 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു

ഓസീസിനെതിരായ പരമ്പര
ഓസ്ട്രലേിയക്കെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര റായുഡുവിന് നാലാം സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടി ആയതിനാല്‍ റായുഡുവിന്റെ പ്രകടനത്തെ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
റായുഡുവിനെക്കൂടാതെ ഈ പരമ്പരയില്‍ ലോകേഷ് രാഹുല്‍, റിഷഭ് പന്ത് എന്നിവരെയും നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications