റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തായതാണ് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് വിനയായത്. എട്ടാം റാങ്കിലുള്ള ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി. 2006 ന് ശേഷം ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ ഇന്ത്യയാണ്. 2013 ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയത്. ജൂണ്‍ 1 മുതല്‍ 18 വരെ ഇംഗ്ലണ്ടിലാണ് 2017 ലെ ചാമ്പ്യന്‍സ് ട്രോഫി നടക്കുക. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. രണ്ട് ടീമുകള്‍ വീതം സെമിഫൈനലിലേക്ക്. ഫൈനല്‍ അടക്കം ടൂര്‍ണമെന്റില്‍ 15 കളികള്‍ ഉണ്ടാകും.
2004 ല്‍ ബ്രയാന്‍ ലാറയുടെ ക്യാപ്റ്റന്‍സിയിലാണ് വെസ്റ്റ് ഇന്‍ഡീസ് ട്രോഫി നേടിയത്. ഓവലില്‍ നടന്ന ഫൈനലില്‍ അന്ന് ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസ് തോല്പിച്ചത്. മോശം ഫോമും കളിക്കാരും ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും മറ്റുമായി തകര്‍ന്ന് തരിപ്പണമായ സ്ഥിതിയിലാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്. ആതിഥേയരായ ഇംഗ്ലണ്ടിനും ചാമ്പ്യന്മാരായ ഇന്ത്യയ്ക്കും പുറമേ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കായി മത്സരിക്കും.