ഷാര്‍ജ: ടി10 ലീഗില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലീഷ് വെടിക്കെട്ട് താരം അലെക്സ് ഹെയ്ല്‍സ്. ടി10 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് ഹെയ്ല്‍സ് തന്റെ പേരിലാക്കിയത്. ബംഗാള്‍ ടൈഗേഴ്സിനെതിരേ മറാത്ത അറേബ്യന്‍സിനു വേണ്ടി പുറത്താവാതെ 87 റണ്‍സ് അടിച്ചെടുത്താണ് ഹെയ്ല്‍സ് പുതിയ റെക്കോഡിട്ടത്. 32 പന്തില്‍ നിന്നാണ് താരം 87 റണ്‍സ് അടിച്ചുകൂട്ടിയത്.
ഒരുദിവസം മുമ്പ് കേരള നൈറ്റ്സിനു വേണ്ടി പുറത്താവാതെ 84 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോവിന്റെ റെക്കോഡാണ് ഹെയ്ല്‍സ് മറികടന്നത്. ബംഗാള്‍ ടൈഗേഴ്സിനെതിരേയായിരുന്നു ബെയര്‍സ്റ്റോവിന്റേയും ഇന്നിങ്സ്. 24 പന്തില്‍ നിന്നാണ് ബെയര്‍സ്റ്റോവ് പുറത്താവാതെ 84 റണ്‍സ് നേടിയത്.
എലിമിനേറ്റര്‍ ഫൈനല്‍ ഒന്നിലായിരുന്നു ഹെയ്ല്സിന്റെ വെടിക്കെട്ട് ഇന്നിങ്സ്. അഫ്ഗാന് സ്പിന്നര്‍ മുഹമ്മദ് നബിയുടെ ഒരോവറില്‍ 32 റണ്‍സാണ് ഹെയ്ല്‍സ് അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സിക്സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടും. ഹെയ്ല്സിന്റെ മികവില്‍ മറാത്ത ഏഴ് വിക്കറ്റിന് ബംഗാളിനെ തോല്‍പ്പിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ നടന്ന എലിമിനേറ്റര്‍ രണ്ടില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരേ തോല്‍വി വഴങ്ങി മറാത്ത ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നോര്‍ത്തേണ്‍ പാക്ക്ത്തൂണ്സിനെ നേരിടും.