ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ ടെസ്റ്റിലും സെഞ്ച്വറി നേടി ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് ചരിത്ര നേട്ടത്തിനൊപ്പമെത്തി. ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെയാണ് കുക്കിന്റെ അവിസ്മരിണീയ നേട്ടം. 33-ാം സെഞ്ച്വറി നേടിയ താരം ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ ടെസ്റ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് ഇപ്പോള്‍ അലിസ്റ്റര്‍ കുക്ക്.
ഗ്രെഗ് ചാപ്പല്‍, റെഗ്ഗി ഡഫ്, മുഹമ്മദ് അസറുദ്ദീന്, വില്യം പോണ്‍സ്ഫോര്‍ഡ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മുന്‍ താരങ്ങള്‍. 1905ല്‍ ഓസ്ട്രേലിയയുടെ റെഗ്ഗി ഡഫ് ആണ് ഈ പട്ടികയിലെത്തിയ ആദ്യ താരം. ഇംഗ്ലണ്ടിനെതിരെ 104 റണ്‍സെടുത്ത് കരിയര്‍ തുടങ്ങിയ റെഗ്ഗി അതേ ടീമിനെതിരെ 146 റണ്‍സെടുത്താണ് വിരമിച്ചത്. ഓവല്‍ ടെസ്റ്റിലായിരുന്നു റെഗ്ഗിയുടേയും നേട്ടം.
അരങ്ങേറ്റത്തില്‍ സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരെ 110 റണ്‍സെടുത്ത വില്യം പോണ്‍സ്ഫോര്‍ഡ് ഓവലില്‍ അവസാന മത്സരത്തില്‍ അതേ ടീമിനെതിരെ 266 റണ്‍സെടുത്തു. ഗ്രെഗ് ചാപ്പല്‍ ഇംഗ്ലണ്ടിനെതിരെ 108 റണ്‍സുമായി തുടങ്ങി പാക്കിസ്ഥാനെതിരെ 182 റണ്‍സുമായി കളി മതിയാക്കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് തന്റെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കെതിരെ 102 റണ്‍സെടുത്തിരുന്നു. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരെ 110 റണ്‍സുമായാണ് കളി അവസാനിപ്പിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയും, സെഞ്ച്വറിയുമായി തിളങ്ങിയ കുക്ക് അതേ രീതിയില്‍ തന്നെയാണ് അവസാനിപ്പിക്കുന്നതും. നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ 106 റണ്‍സുമായാണ് കുക്ക് തുടങ്ങിയത്. തന്റെ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതിരുന്ന കുക്ക് പിന്നീട് 159 ടെസ്റ്റുകളില്‍ തുടരെ കളിച്ച് റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഫോമിലല്ലാതിരുന്ന കുക്ക് യുവതാരങ്ങള്ക്കുവേണ്ടിയാണ് വിരമിക്കല്‍ നേരത്തെയാക്കിയത്.
ജയിച്ചാലും തോറ്റാലും കോടികള്‍; ശാസ്ത്രിയുടെയും കളിക്കാരുടെയും പ്രതിഫലം ഞെട്ടിക്കുന്നത്; കാണാം