IPL 2026: ഇതെന്ത് ഫീൽഡിംഗ്? മുംബൈ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ആകാശ് അംബാനി, ഗ്യാലറിയിൽ രോഷം
അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ പഴയ പ്രതാപം ഇപ്പോൾ വെറും ഓർമ്മ മാത്രമാണോ എന്ന് ആരാധകർ ചോദിക്കുമ്പോൾ, മാനേജ്‌മെന്റും കടുത്ത നിരാശയിലാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടീം വരുത്തിയ വലിയ പിഴവുകൾ കണ്ട് ഉടമ ആകാശ് അംബാനി പരസ്യമായി തന്റെ ദേഷ്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.
ബാറ്റിൽ തട്ടിയിട്ടും അപ്പീൽ ഇല്ല!
മത്സരത്തിനിടയിൽ ട്രാവിസ് ഹെഡിന് എറിഞ്ഞ ഒരു പന്തിൽ എഡ്ജ് (Edge) ഉണ്ടായെങ്കിലും കീപ്പർ റയാൻ റിക്കൽട്ടനോ മറ്റ് താരങ്ങളോ അത് തിരിച്ചറിഞ്ഞില്ല. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പന്ത് ബാറ്റിൽ തട്ടിയത് വ്യക്തമായി കാണിച്ചിട്ടും ഒരു താരം പോലും അപ്പീൽ ചെയ്യാൻ തയ്യാറായില്ല. ഈ കാഴ്ച കണ്ട ആകാശ് അംബാനി അതീവ നിരാശനായിരുന്നു എന്ന് മാത്രമല്ല, താരങ്ങളുടെ ഈ അശ്രദ്ധയിൽ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.

രണ്ട് തവണ കൈവിട്ടു; അംബാനി എഴുന്നേറ്റു നിന്നു!
പിന്നീട് ട്രാവിസ് ഹെഡിന്റെ രണ്ട് ക്യാച്ചുകൾ കൂടി മുംബൈ താരങ്ങൾ കൈവിട്ടു. തിലക് വർമ്മയും മറ്റൊരു സഹതാരമായ നമൻ ധീറുമാണ് ഈ അവസരങ്ങൾ പാഴാക്കിയത്. ഇതോടെ സഹികെട്ട ആകാശ് അംബാനി സീറ്റിൽ നിന്ന് എഴുന്നേറ്റു നിൽക്കുകയും തന്റെ പ്രതിഷേധം ആംഗ്യങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മുംബൈയുടെ ബൗളിംഗിലും ഫീൽഡിംഗിലും അദ്ദേഹം ഒട്ടും തൃപ്തനല്ല എന്ന് ആ മുഖഭാവങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഈ സീസണിലെ ഏറ്റവും അപകടകാരികളായ ബൗളർമാരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ജസ്പ്രിത് ബുംറയിൽ തുടങ്ങി ട്രെൻഡ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അശ്വനി കുമാർ, അള്ളാ ഗസൻഫർ, മിച്ചൽ സാന്റ്നർ തുടങ്ങി മുംബൈയ്ക്ക് ഉപയോഗിക്കാൻ ഓപ്ഷനുകൾ ഏറെയാണ്. എങ്കിലും 244 പോലൊരു കൂറ്റൻ ടോട്ടൽ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. 2026 ടി20 ലോകകപ്പ് വിജയികൾ നാലുപേരുള്ള ടീമായിരുന്നിട്ടും എന്തുകൊണ്ട് മുംബൈ ഇങ്ങനെ തരംതാണുപോയി എന്നത് പഠിക്കേണ്ട വിഷയം തന്നെയാണ്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് റയാൻ റിക്കൽട്ടന്റെ അതിമനോഹര സെഞ്ച്വറിയുടെ പിൻബലത്തിൽ 243 എന്ന അത്യുഗ്രൻ ടോട്ടലിലേക്ക് എത്തുന്നു. തിരിച്ചുവരവ് നടത്തിയ വിൽ ജാക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഈശാൻ മലിംഗ വളരെ എക്കണോമിക്കലായി പന്തെറിയുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും സഹായത്തോടെ വളരെ മികച്ച തുടക്കം നേടി. പവർ പ്ലേയിൽ തന്നെ സ്കോർ 90 കടന്നു. പിന്നീട് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ കൂടെ വെടിക്കെട്ട് പുറത്തെടുത്തതോടെ മത്സരം എളുപ്പത്തിൽ സൺറൈസേഴ്സിന്റെ വരുതിയിലായി. അവസാനം സലിൽ അറോറയുടെ വെടിക്കെട്ട് ഫിനിഷിങ് കൂടിയായപ്പോൾ 18.4 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിന് കീഴിൽ ടീമിന്റെ ഐക്യവും അച്ചടക്കവും തകരുകയാണെന്ന് അശ്വിനെപ്പോലുള്ളവർ നിരീക്ഷിച്ചതിന് പിന്നാലെ ഉടമ തന്നെ പരസ്യമായി രോഷം പ്രകടിപ്പിച്ചത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications