ചഹാലും കുല്‍ദീപും ഒരുമിച്ച് കളിനിര്‍ത്തിയാല്‍ ഇന്ത്യ ബുദ്ധിമുട്ടും, പകരക്കാരില്ലെന്ന് അഗാര്‍ക്കര്‍
ന്യൂഡല്‍ഹി: അനില്‍ കുംബ്ലെ,ഹര്‍ഭജന്‍ സിങ് തുടങ്ങിയ പ്രതിഭാശാലികളായ നിരവധി സ്പിന്‍ ബൗളര്‍മാരെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ടീമാണ് ഇന്ത്യയുടേത്. നിലവില്‍ കുല്‍ദീപ് യാദവ്,യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരാണ് ഇന്ത്യയുടെ പരിമിത ഓവറിലെ പ്രധാന സ്പിന്നര്‍മാര്‍. എന്നാല്‍ സമീപകാലത്തായി ഇരുവരുടെയും പ്രകടനം മോശമായതോടെ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ ഇരുവര്‍ക്കുമാവുന്നില്ല.
പരിമിത ഓവറില്‍ ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാതിരിക്കുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട കുല്‍ദീപിലും പ്രതീക്ഷയില്ല. ധോണി ടീമില്‍ നിന്ന് ഇടവേളയെടുത്തതോടെ കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ടും പൊളിഞ്ഞു. ഏറെ നാളായി ഒന്നിച്ച് കളിക്കാന്‍ സാധിക്കാത്ത ഇരുവര്‍ക്കും ശ്രീലങ്കന്‍ പരമ്പരയില്‍ ഒന്നിച്ച് കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോഴിതാ കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ട് ഒന്നിച്ച് കളിക്കുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. 'ചില സമയങ്ങളില്‍ കുല്‍ദീപിനെ പരമ്പരയില്‍ പരിഗണിക്കാതിരിക്കുമ്പോള്‍ നീതികേടാണെന്ന് തോന്നാറുണ്ട്. എന്നാല്‍ നന്നായി പന്തെറിയണമെങ്കില്‍ അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതായുണ്ട്. ഇരുവരുടെയും പിന്നില്‍ അവസരം കാത്ത് താരങ്ങളുണ്ടെന്ന് അവര്‍ക്കറിയാം. അതിനാല്‍ത്തന്നെ ഇരുവര്‍ക്കുമിടയില്‍ നല്ല മത്സരമുണ്ട്. അത് ടീമിനെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കും'-അജിത് അഗാര്‍ക്കര്‍ ടൈംസ് നൗവിനോട് പറഞ്ഞു.
വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ തുടങ്ങിയ സ്പിന്നര്‍മാര്‍ ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്. നിലവില്‍ ഇവരെല്ലാം ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. തിളങ്ങാന്‍ സാധിച്ചാല്‍ കുല്‍ദീപിനും ചഹാലിനും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും. അല്ലാത്ത പക്ഷം വരുണിനും രാഹുലിനും ഇന്ത്യ അവസരം നല്‍കാനും മടിക്കില്ല.

'ഇന്ത്യക്ക് സ്പിന്‍ ആശങ്കയുണ്ടാക്കുന്നു.പ്രധാനമായും ചഹാലും കുല്‍ദീപും ഒരുമിച്ച് വിരമിച്ചാല്‍ പകരമാരെന്നത് പ്രശ്‌നമാണ്. രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് അവസരം മുതലാക്കാനായാല്‍ കോലിക്ക് കൂടുതല്‍ പദ്ധതികള്‍ മെനയാനുള്ള അവസരം ലഭിക്കും. ടി20 ലോകകപ്പ് അധികം അകലെ അല്ലാത്തതിനാല്‍ ചഹാലിനും കുല്‍ദീപിനും മുന്നിലുള്ള മികച്ച അവസരമാണിത്. സമ്മര്‍ദ്ദമുണ്ടെങ്കിലും മികച്ച പ്രകടനം നടത്തിയാല്‍ അത് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും'-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഒക്ടോബറിലും നവംബറിലുമായി യുഎഇയിലാവും ടി20 ലോകകപ്പ് നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications