ജയ്പൂര്‍: ഐപിഎല്ലില്‍ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നു മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തു നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കി. പകരം ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. എട്ടു മല്‍സരങ്ങള്‍ ഈ സീസണില്‍ കളിച്ച രാജസ്ഥാന് വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നാലു പോയിന്റ് മാത്രമുള്ള അവര്‍ ലീഗില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുകയാണ്.

കഴിഞ്ഞ സീസണില്‍ രഹാനെ മികച്ച രീതിയിലാണ് ടീമിനെ നയിച്ചതെന്നു രാജസ്ഥാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ രഹാനെയ്ക്കായിരുന്നു. ഈ സീസണില്‍ ടീമിനെ വീണ്ടും ട്രാക്കിലേക്കു കൊണ്ടു വരുന്നതിനു വേണ്ടിയാണ് പുതിയൊരു സമീപനം സ്വീകരിച്ചത്. സ്റ്റീവ് മികച്ച നേതൃത്വ ഗുണമുള്ള താരമാണ്. രഹാനെ തുടര്‍ന്നും ടീമിന്റെ നിര്‍ണായക സാന്നിധ്യമായി തുടരുക തന്നെ ചെയ്യും. പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ മാറ്റം അനിവാര്യമാണെന്നും ടീമിനെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സ് ടീം ഫൈനലിലെത്തിയപ്പോള്‍ ടീമിനെ നയിച്ചത് സ്മിത്തായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ഐപിഎല്‍ നഷ്ടമായ അദ്ദേഹം ഈ സീസണില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലും സ്മിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.