
മാരകഫോമില്‍ രഹാനെ
ഓസ്‌ട്രേലിയ പോലെ ഒരു കിടുകിടുക്കന്‍ ടീമിനെതിരെ അഞ്ച് കളിയില്‍ നാല് അര്‍ധസെഞ്ചുറികള്‍. അതും മികച്ച സ്‌ട്രൈക്ക് റേറ്റില്‍. എന്നിട്ടും ടീമില്‍ നിന്നും ഒഴിവാക്കപ്പെടുക എന്നത് എന്തൊരു അനീതിയാണ്. അതെ, അത്തരം ഒരു നന്ദികേടാണ് ബി സി സി ഐ രഹാനെയോട് കാട്ടിയിരിക്കുന്നത്.

പകരക്കാരന്‍ ഓപ്പണര്‍
ശിഖര്‍ ധവാന് പകരക്കാരനായിട്ടാണ് രഹാനെയ്ക്ക് ഓപ്പണ്‍ ചെയ്യാന്‍ അവസരം കിട്ടിയത്. 5, 55, 70, 53, 61 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ രഹാനെയുടെ സ്‌കോറുകള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം രഹാനെ ഉണ്ടാക്കിയ മൂന്ന് തുടര്‍ച്ചയായ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡാണ്.

നന്ദികേടാണ് ഇത്
എന്നിട്ടും ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും രഹാനെയെ ഒഴിവാക്കി. അതും ആദ്യ 15ല്‍ പോലും ഉള്‍പ്പെടുത്താതെ. ഇതാദ്യമായിട്ടൊന്നുമല്ല രഹാനെയെ സെലക്ടര്‍മാര്‍ ഇങ്ങനെ തഴയുന്നത്. ഏകദിനത്തില്‍ മെല്ലപ്പോക്കെന്ന് പറഞ്ഞ് വല്ലപ്പോഴും മാത്രമേ രഹാനെയ്ക്ക് അവസരം കൊടുക്കുക പതിവുള്ളൂ, അതും തോന്നുമ്പോള്‍ തോന്നുന്ന ബാറ്റിംഗ് ഓര്‍ഡറില്‍.

എന്നിട്ടും ഈ കണക്ക് നോക്കൂ
ടീമില്‍ ഒരു കാലത്തും സ്ഥിരമല്ലാത്ത താരം. വല്ലപ്പോഴും പകരക്കാരനായി ടീമിലെത്തും. 6 വര്‍ഷങ്ങള്‍ കൊണ്ട് കളിച്ചത് വെറും 84 മത്സരങ്ങള്‍. എന്നിട്ടും 3 സെഞ്ചുറിയും 23 അര്‍ധസെഞ്ചുറിയും സഹിതം 2822 റണ്‍സുണ്ട് രഹാനെയുടെ അക്കൗണ്ടില്‍. 35.27 എന്ന മോശമല്ലാത്ത ശരാശരിയും.

ഏകദിനത്തിന് കൊള്ളാത്തവനോ
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തിന് കൊള്ളാത്തവന്‍ എന്നൊരു ടാഗ് രഹാനെയ്ക്ക് എങ്ങനെയോ വന്ന് വീണിട്ടുണ്ട്. രഹാനെയുടെ ലിമിറ്റഡ് ഓവര്‍ സ്റ്റാറ്റസ് നോക്കിയാല്‍ അണ്ടര്‍ അച്ചീവര്‍ എന്ന് തന്നെ തോന്നും. 40 ടെസ്റ്റില്‍ 9 സെഞ്ചുറിയും 12 ഫിഫ്റ്റിയുമുണ്ട് രഹാനെയ്ക്ക്

പിന്തുണയാണ് വേണ്ടത്
രോഹിത് ശര്‍മയ്ക്കും ജഡേജയ്ക്കും ഒക്കെ തുടക്കത്തില്‍ കിട്ടിയ പിന്തുണ ടീം മാനേജ്‌മെന്‌റില്‍ നിന്നും ഒരിക്കലും രഹാനെയ്ക്ക് കിട്ടിയിട്ടില്ല. ഗ്ലാമറസ് താരവുമല്ല രഹാനെ. ഒരു സാത്വികന്‍. മുടി കളര്‍ ചെയ്യുന്നവര്‍ക്കും ഗ്ലാമര്‍ താരങ്ങള്‍ക്കും മാത്രമേ ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുകയുള്ളോ എന്ന് സുനില്‍ ഗാവസ്‌കര്‍ തുറന്നടിച്ചത് രഹാനെയെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്.

കംപ്ലീറ്റ് ടീം മാന്‍
ടീമിന്റെ ആവശ്യങ്ങള്‍ക്കാണ് രഹാനെ എപ്പോഴും പ്രാധാന്യം കൊടുക്കാറ്. അക്കാര്യത്തില്‍ ഒരു രാഹുല്‍ ദ്രാവിഡാണ് രഹാനെ. ഏത് പൊസിഷനിലും എപ്പോള്‍ വേണമെങ്കിലും കളിക്കും. രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ - കെ എല്‍ രാഹുല്‍ എന്നിങ്ങനെ ടോപ് ഓര്‍ഡറില്‍ ഇഷ്ടം പോലെ കളിക്കാരുള്ളത് കൊണ്ടാണ് തനിക്ക് അവസരം കിട്ടാത്തത് എന്ന കാര്യം രഹാനെയ്ക്കും അറിയാം.

മാന്യമായ പ്രതികരണം
ഏകദിനത്തിലെ സ്വപ്‌നതുല്യമായ പ്രകടനത്തിന് ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴും രഹാനെ വളരെ മാന്യമായിട്ടേ പ്രതികരിച്ചുള്ളൂ. ടീം സെലക്ഷനെ ബഹുമാനിക്കുന്നു എന്നാണ് രഹാനെ പറഞ്ഞത്. ഇത്രയധികം മത്സരങ്ങള്‍ കളിക്കുന്നതല്ലേ, സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിന് ക്യത്യമായ ഒരു കണക്കുകൂട്ടലുണ്ടാകും എന്ന് തന്നെ രഹാനെ വിശ്വസിക്കുന്നു.


Click it and Unblock the Notifications











