സിഡ്‌നി: ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള നിങ്ങളുടെ അത്ഭുതകരമായ സെക്‌സിനെ പറ്റി പറയാമോ - ഇന്ത്യയെ തോല്‍പിച്ച ശേഷം പത്രസമ്മേളനത്തിന് വന്നിരുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് റിപ്പോര്‍ട്ടറുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി. നിങ്ങള്‍ക്ക് എന്നെ അത്ര അടുത്ത് അറിയാമോ - കുറച്ച് കഴിഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക് തിരിച്ചുചോദിച്ചു.
അത്ഭുതകരമായ സക്‌സസിനെക്കുറിച്ചാണ് താന്‍ ചോദിച്ചത് എന്ന് റിപ്പോര്‍ട്ടര്‍ ഉടന്‍ തന്നെ തിരുത്തി. ചെറിയൊര് ചിരിയോടെ മൈക്കല്‍ ക്ലാര്‍ക്ക് ഇതുകൂടി പറഞ്ഞു - ഇതെന്റെ ഭാര്യയോടുള്ള ചോദ്യമാണ്. എന്നോടല്ല. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ജേതാവ് സ്റ്റീവ് സ്മിത്ത് ക്ലാര്‍ക്കിനരികിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. വണ്‍ ഡൗണായി ഇറങ്ങി സ്റ്റീവന്‍ സ്മിത്ത് നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഓസീസ് ഇന്ത്യയെ തോല്‍പിച്ചത്.

ഇന്ത്യയോട് കളി ജയിച്ചെങ്കിലും മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചെത്തിയ ഇന്ത്യയെ 95 റണ്‍സിനാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ ഓസ്‌ട്രേലിയ തോല്‍പിച്ചത്. ഞായറാഴ്ച മെല്‍ബണിലാണ് ലോകകപ്പിന്റെ ഫൈനല്‍. അയല്‍ക്കാരായ ന്യൂസിലന്‍ഡാണ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍.