യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ വന്‍ ഫ്ളോപ്പായി മാറിയ താരമായിരുന്നു ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്. കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്ന അദ്ദേഹം ബാറ്റിങില്‍ ദുരന്തമായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളും ട്രോളുകളും മാക്സ്വെല് ഏറ്റുവാങ്ങിയിരുന്നു. ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ പരിഹസിച്ചവര്ക്ക് ചുട്ട മറുപടിയാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദേശീയ ടീമിന്റെ ജഴ്സിയില്‍ അദ്ദേഹം നല്‍കിയത്. ഐപിഎല്ലില്‍ ഒരു സിക്സര്‍ പോലും നേടാനാവാതെ വലഞ്ഞ മാക്സ്വെല് ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ വാരിക്കൂട്ടിയത് 11 സിക്സറുകളാണ്.
ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ മാക്സ്വെല്ലിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന് മൈക്കല്‍ വോന്‍. അടുത്ത സീസണിലെ ഐപിഎല്ലിലും ഫ്രാഞ്ചൈസികള്‍ നോട്ടമിടുന്ന മിന്നും താരമായി മാക്സ്വെല് മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബിനായി 13 മല്‍സരങ്ങളില്‍ നിന്നും 108 റണ്‍സ് മാത്രമായിരുന്നു ഓസീസ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇന്ത്യക്കെതിരേ മൂന്നു കളികളില്‍ നിന്നും 12 ബൗണ്ടറികളും 11 സിക്സറുമകടക്കം മാക്സ്വെല് 167 റണ്‍സെടുത്തിരുന്നു.
IND vs AUS: 10/10 ഒരാള്‍ക്കു മാത്രം, ഏറ്റവും കുറവ് സെയ്നിക്ക്- ഇന്ത്യന്‍ താരങ്ങളും റേറ്റിങും
ടി20യില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് അറിയാം- ഓസീസിനെതിരേ മോശം!
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഒരു ടാമും മാക്സ്വെല്ലിനെ വേണ്ടെന്നു പറയുമെന്ന് തോന്നുന്നില്ലെന്നു വോന്‍ അഭിപ്രായപ്പെട്ടു. അടുത്ത സീസണിനു മുമ്പ് ഐപിഎല്‍ ലേലം നടക്കുമ്പോള്‍ മിക്ക ടീമുകളും നോട്ടമിടുന്ന താരം അദ്ദേഹമായിരിക്കുമെന്ന് എനിക്കുറപ്പാണ്. ഓസ്ട്രേലിയന്‍ ടീമിലേക്ക നോക്കൂ. മാക്സ്വെല്ലിന് ശരിയായ ബാറ്റിങ് പൊസിഷന്‍ തന്നെ അവര്‍ നല്കിയിരിക്കുന്നു- നമ്പര്‍ 7. ഈ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റാന്‍ ഓസീസ് ശ്രമിക്കാന്‍ സാധ്യത കുറവാണെന്നും വോന്‍ വിശദമാക്കി.
അവസാന 15 ഓവറുകളില്‍ കളിക്കേണ്ട റോളാണ് മാക്സ്വെല്ലിന് ഓസീസ് നല്‍കിയത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച് റണ്‍സെടുക്കാന്‍ ഈ റോളില്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഓസീസ് വിശ്വസിക്കുന്നു. മാക്സ്വെല്ലിന്റെ സ്വാധീനം ഏറ്റവുമധികം കാണാനാവുന്നതും അപ്പോഴാണെന്നു വോന്‍ കൂട്ടിച്ചേര്‍ത്തു. ഓസീസ് ഏകദിന ടീമില്‍ മാക്സ്വെല്ലിന് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ ഏഴാം നമ്പറാണ്. ഇവിടെ ആദ്യ പന്ത് മുതല്‍ തന്റെ ശൈലിയില്‍ കളിക്കാന്‍ അദ്ദേഹത്തിനാവുമെന്നും വോന്‍ പറയുന്നു.
ക്രിക്കറ്റിനോട് വളരെയധികം പാഷനുള്ള താരമാണ് മാക്സ്വെല്. ഓസീസ് ഏകദിന ടീമിനൊപ്പം ഇപ്പോള്‍ അദ്ദേഹം തന്റെ താളം വീണ്ടെടുത്തിരിക്കുന്നു. ഓസ്ട്രേലിയക്കു വേണ്ടി ഇനിയുള്ള കുറച്ചു വര്‍ഷങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം മാക്സ്വെല് നടത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും തന്റെ ഫോം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് മാക്സ്വെല്.