റാഞ്ചി: ചുമ്മാതല്ലല്ലോ, അടുപ്പിച്ച് എട്ട് സിക്സറടിച്ചിട്ടല്ലേ, 1500 ഡോളര്‍ പിഴ കൊടുത്താലും സാരമില്ല എന്ന് ധോണിയും കരുതുന്നുണ്ടാകും. സണ്‍റൈസേഴ്സിനെതിരായ കളി കഴിഞ്ഞതും 1500 ഡോളറിന്റെ പിഴശിക്ഷയാണ് ചെന്നെ ക്യാപ്റ്റന്‍ ധോണിക്ക് അടിച്ചുകൊടുത്തത്. ടീമംഗങ്ങളും അടക്കണം ആളൊന്നിന് 750 യു എസ് ഡോളര്‍ വീതം പിഴ.
തിസാര പെരേരയെ അടുപ്പിച്ച് അഞ്ച് സിക്സര്‍ തൂക്കിയതിനൊന്നുമല്ല കേട്ടോ പിഴ. സ്ട്രൈക്ക് റേറ്റ് അസാധ്യസ്പീഡിലായിരുന്നെങ്കിലും ധോണിയുടെ ഓവര്‍ റേറ്റ് സ്ലോ ആയിപ്പോയി എന്നാണ് പരാതി. നിശ്ചിത സമയത്തിനകം ഓവര്‍ എറിഞ്ഞുതീര്ക്കാതിരുന്നതിനാണ് ധോണിക്കും കൂട്ടര്‍ക്കും പിഴയടക്കേണ്ടി വന്നത്.
കളിക്കിടെ കമന്റേറ്റര്‍മാര്‍ തന്നെ പറയുന്നുണ്ടായിരുന്നു ധോണിയുടെ സാ മട്ടിലുള്ള നീക്കങ്ങളെപ്പറ്റി. വളരെയധികം സമയമെടുത്താണ് ധോണി ഫീല്‍ഡര്‍മാരെ വിന്യസിച്ചതും ബൗളര്‍മാരെ മാറ്റിയതും. നാനൂറോളം റണ്‍സ് പിറന്ന കളിയില്‍ ഫീല്‍ഡര്‍മാര്‍ക്ക് പിടിപ്പത് പണിയുണ്ടായിരുന്നു എന്നത് വേറെ കാര്യം.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് മാത്രമല്ല, സണ്‍റൈസേഴ്സ് ഹൈദരാബാദിനും കിട്ടി ഇതേ പിഴ. ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 1500 ഡോളര്‍, ടീമംഗങ്ങള്‍ക്ക് 750 ഡോളര്‍ വീതം എന്നിങ്ങനെയാണ് സണ്റൈസ്ഴ്സിന് കിട്ടിയ പിഴ. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ഈ എഡിഷനില്‍ ഇരു ക്യാപ്റ്റന്മാരും ആദ്യമായാണ് ഫൈനടിക്കപ്പെടുന്നത്.
ധോണിയുടെയും സുരേഷ് റെയ്നയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 12 റണ്‍സിന് ചെന്നൈ സണ്‍റൈസേഴ്സിനെ തോല്പിച്ചു.