ദുബയ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കുറിച്ച ഇന്ത്യക്ക് വീണ്ടും അഭിമാനനിമിഷം. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനക്കാരും ഇന്ത്യക്കാര്‍.
ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഒന്നും രണ്ടും റാങ്കുകളിലുള്ളത്. അശ്വിന്‍ നേരത്തേ തന്നെ റാങ്കിങില്‍ ഒന്നാമനായിരുന്നു. എന്നാല്‍ ജഡേജ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ രണ്ടാംസ്ഥാനത്തേക്കു മുന്നേറുകയായിരുന്നു.

42 വര്‍ഷത്തിനു ശേഷമാണ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കുന്നത്. ഇതിനു മുമ്പ് 1974ല്‍ ലെഗ് സ്പിന്നര്‍മാരായ ബിഷന്‍സിങ് ബേദിയും ഭഗ്‌വത് ചന്ദ്രശേഖറുമാണ് ഈ നേട്ടത്തിന് ഉടമകളായത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അശ്വിന്‍ 28ഉം ജഡേജ 26ഉം വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അവസാന ടെസ്റ്റില്‍ കരിയറിലാദ്യമായി ജഡേജ 10 വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു.
ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായരും മികച്ച നേട്ടമുണ്ടാക്കി. അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ കസറിയ കരുണ്‍ 122ാം സ്ഥാനത്തു നിന്ന് 55ലെത്തി.