ജയിച്ചത് കുഞ്ഞന്മാരായ സിംബാബ്‌വെ ടീമിനോടാണ്. പക്ഷേ അഫ്ഗാനിസ്ഥാന്റെ കളി ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വെയെ തോല്‍പ്പിക്കുന്നത്. അവസാന ഓവര്‍ വരെ എത്തിയ മത്സരം വെറും 5 റണ്‍സിനാണ് അഫ്ഗാന്‍ രക്ഷിച്ചെടുത്തത്. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 187 റണ്‍സ്. സിംബാബ്‌വെ 20 ഓവറില്‍ 7 വിക്കറ്റിന് 182 റണ്‍സ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ടീം പവര്‍ പ്ലേ തീരുമ്പോഴേക്കും 60 റണ്‍സിലെത്തി. 6.3 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63 റണ്‍സ്. തട്ടിയും മുട്ടിയും മുന്നോട്ട് പോയ ഇന്നിംഗ്‌സ് അവസാന ഓവറുകളിലെ വെടിക്കെട്ട് കൂടിയായതോട് ഫിനിഷ് ചെയ്തത് 187 റണ്‍സില്‍. ഫാസ്റ്റ് ബൗളിംഗിന്റെ സമൃദ്ധിയുള്ള അഫ്ഗാനിസ്ഥാന് പ്രതിരോധിക്കാവുന്ന സ്‌കോര്‍.

ഒന്നാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ പി ജെ മൂറിനെ നഷ്ടപ്പെട്ടെങ്കിലും സിംബാബ്‌വെ പതറിയില്ല. രണ്ടാമത്തെ ഓവറില്‍ പിറന്നത് 22 റണ്‍സ്. മിര്‍വായീസ് അഷ്‌റഫാണ് ഈ ഓവര്‍ എറിഞ്ഞത്. എന്നാല്‍ മൂന്നാം ഓവറില്‍ ചിബാദ വീണതോടെ അഫ്ഗാന്‍ പിടിമുറുക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ അവര്‍ അവസാന ഓവറില്‍ സിംബാബ്‌വെയ്ക്ക് നല്‍കിയത് 21 റണ്‍സ് വിജയലക്ഷ്യം. പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 2 -0 ന് മുന്നിലാണ്.