ബെംഗളുരു: ക്രിക്കറ്റ് കളിക്കുന്ന മിക്ക രാജ്യങ്ങളിലും ടി20 ലീഗ് മത്സരങ്ങളുണ്ടെങ്കിലും ഐപിഎല്ലിന്റെ താരപ്പകിട്ടോ പണമോ മറ്റൊന്നിലും ലഭിക്കില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിക്കുക ഏതു കളിക്കാരന്റെയും ആഗ്രഹങ്ങളിലൊന്നാണ്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാലെ രണ്ട് കളിക്കാരാണ് ഇത്തവണ ഐപിഎല്ലിന് ഇന്ത്യയിലെത്തുന്നത്.
ഇതില്‍ പതിനെട്ടുകാരനായ ലെഗ്സ്പിന്നര്‍ റഷീദ് ഖാന് താര ലേലത്തിന്റെ ആദ്യദിനം അക്ഷരാര്‍ഥത്തില്‍ തന്റേതാക്കിമാറ്റി. 4 കോടി രൂപയാണ് റഷീദ് ഖാന് കീശയിലാക്കിയിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയാകും റഷീദ് ഖാന്റെ ഐപിഎല്‍ അരങ്ങേറ്റം. മറ്റൊരു അഫ്ഗാന് താരമായ വെറ്ററന്‍ ഓള് റൗണ്ടര്‍ മുഹമ്മദ് നബിയെ 30 ലക്ഷത്തിലാണ് ലേലംകൊണ്ടത്.
2016 ടി20 ലോകകപ്പില്‍ 12 വിക്കറ്റുകളാണ് മുഹമ്മദ് നബി നേടിയത്. 11 വിക്കറ്റുകളുമായി റഷീദ് തൊട്ടടുത്തെത്തി. നാഗ്പൂരില്‍ സിംബാബ്വേയ്ക്കെതിരായ മത്സരത്തില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ റഷീദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ഇരു താരങ്ങളും മികച്ച കളിയാണ് കാഴ്ചവെച്ചത്.
മുഹമ്മദി നബി 13 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 8 മത്സരങ്ങളില്‍ നിന്നും റഷീദ് നേടിയത് 13 വിക്കറ്റുകളാണ്. ഗൂഗ്ലിയാണ് റഷീദിനെ വ്യത്യസ്തനാക്കുന്നത്. റഷീദിന്റെ ഗൂഗ്ലികള്‍ കളിക്കാന്‍ ലോകോത്തര ബാറ്റസ്മാന്മാര് പോലും ബുദ്ധിമുട്ടും. ഇതുതന്നെയാണ് സണ്‍ റൈസേഴ്സ് കോടികള്‍ മുടക്കി റഷീദിനെ സ്വന്തമാക്കാനുള്ള പ്രധാന കാരണവും.