ലണ്ടന്‍: ഓഗസ്ത് 1ന് എഡ്ജ്ബാസ്റ്റണില് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദും ഇടംപിടിച്ചേക്കും. ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ സാധ്യതയുള്ള 13 അംഗ കളിക്കാരെ പ്രഖ്യാപിച്ചപ്പോഴാണ് ആദില്‍ വീണ്ടും ടെസ്റ്റില്‍ ടീമില്‍ സ്ഥാനം നേടിയത്. അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ പ്രകടനമാണ് ഈ വലംകൈയ്യന്‍ സ്പിന്നറെ തുണച്ചത്.
ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുമെന്നും തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ആദില്‍ നേരത്ത വ്യക്തമാക്കിയിരുന്നു. ആദിലിനെ കൂടാതെ ഇരുപത്തിയഞ്ചുകാരനായ ഓള് റൗണ്ടര്‍ ജാമി പോര്‍ട്ടറും ഇന്ത്യയ്ക്കെതിരായ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇതാദ്യമാണ് ജാമി ടെസ്റ്റ് ടീമില്‍ കളിക്കാനൊരുങ്ങുന്നത്.
കൗണ്ടി യോര്‍ക്ക്ഷെയറുമായി ആദില്‍ ഈവര്‍ഷം ആദ്യം കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ടെസ്റ്റില്‍ കളിക്കണമെങ്കില്‍ കൗണ്ടി പരിചയം വേണമെന്ന ഇംഗ്ലീഷ് സെലക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റില്‍ കളിക്കാമെന്ന് ആദില്‍ സെലക്ടര്‍മാരെ അറിയിച്ചതോടെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജോ റൂട്ട് (ക്യാപ്റ്റന്‍), അലിസ്റ്റര്‍ കുക്ക്, കെയിറ്റന് ജെന്നിങ്സ്, ഡേവിഡ് മലാന്, ജോണി ബാരിസ്റ്റോ, ബെന്‍ സ്റ്റോക്ക്സ്, മോയീന്‍ അലി, ജോസ് ബട്ലര്, ആദില്‍ റഷീദ്, സാം കുറന്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്ഡേഴ്സണ്, ജാമി പോര്‍ട്ടര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ അവസാന പതിമൂന്നില്‍ ഇടം പിടിച്ചവര്‍.