മെല്‍ബണ്‍: ഭാഗ്യം, ചോദ്യങ്ങളേ ചോദിക്കരുത് എന്ന് എം എസ് ധോണി പറഞ്ഞില്ല. പറഞ്ഞത് ഇങ്ങനെയാണ്. നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷേ മറുപടി പറയണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. എനിക്ക് തോന്നിയാല്‍ ഞാന്‍ മറുപടി പറയും. മെല്‍ബണില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായി പത്രക്കാരെ കണ്ടപ്പോഴാണ് ധോണിയുടെ അഹങ്കാരം നിറഞ്ഞ ഈ വാക്കുകള്‍.
പരമ്പര നടന്നുകൊണ്ടിരിക്കേ ടെസ്റ്റില്‍ നിന്നും വിരമിച്ചത് എന്തിന് എന്ന ചോദ്യത്തിനാണ് ധോണി ഇങ്ങനെ പ്രതികരിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ബി സി സി ഐ ഇറക്കിയ പത്രക്കുറിപ്പില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ സംസാരിക്കാനില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദ്യം ചോദിക്കാം. പക്ഷേ ഞാന്‍ മറുപടി പറയില്ല.

ഈ ഒരു ചോദ്യത്തിന് മാത്രമല്ല, ലോകകപ്പില്‍ ധവാനൊപ്പം ആരാകും ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യത്തിനും ധോണി വ്യക്തമായ മറുപടി പറഞ്ഞില്ല. രഹാനെയാണോ രോഹിത് ശര്‍മയാണോ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നായിരുന്നു പത്രക്കാരുടെ ചോദ്യം. കാത്തിരുന്ന് കാണാം എന്ന് മാത്രമാണ് ധോണി മറുപടി പറഞ്ഞത്. മൂന്ന് ഓപ്പണര്‍മാരാണ് ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാനുളളത്.
ഫെബ്രുവരി 15 നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനാണ് ആദ്യ കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ത്രിരാഷ്ട്ര കപ്പില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഞായറാഴ്ച ഇന്ത്യയുടെ കളി. ആദ്യത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചിരുന്നു.