ധാക്ക: എസിസി എമേര്‍ജിങ് കപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ അണ്ടര്‍ 23 ടീമിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന് ഫൈനലിലെത്തി. 3 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ ജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരവസരത്തില്‍ ഇന്ത്യയ്ക്ക് ജയം അനായാസമായിരുന്നെങ്കിലും തുടരെ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി മുന്‍നിര ബാറ്റ്സ്മാന്മാര് തിളങ്ങി. ഒമര്‍ യൂസഫ്(66) ഹൈദര്‍ അലി(43), റോഹൈല്‍ നാസിര്‍(35), സെയ്ഫ് ബാദര്‍(47), ഇമ്രാന് റാഫിഖ്(28) എന്നിവരാണ് മികവുകാട്ടിയത്. ഇന്ത്യക്കുവേണ്ടി ശിവം മവി, സൗരഭ് ദുബെ, ഹൃത്വിക്ക് ഷൗക്കീന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. സിദ്ധാര്‍ഥ് ദേശായി ഒരു വിക്കറ്റും സ്വന്തമാക്കി.
യുവന്റസ് കോച്ച് രണ്ടുതവണ പകരക്കാരനെ ഇറക്കിയതില്‍ പ്രതികരണവുമായി ക്രിസ്റ്റ്യാനോ
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശരത്(47), ആര്യന് ജുയാല്‍(17) എന്നിവര്‍ ചേര്‍ന്ന് നന്നായി തുടങ്ങിയതോടെ സന്‍വിര്‍ സിങ്(76), അര്മാന് ജാഫര്‍(46) എന്നിവര്‍ പിന്തുണയും നല്കി. ഇരുവരും പുറത്തായതോടെ ഇന്ത്യയ്ക്ക് പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. ചിന്മയ് സുതര്‍(28) ആണ് മറ്റൊരു സ്കോറര്‍. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് ഹസ്നെയ്ന്‍, സെയ്ഫ് ബാദര്‍ എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.