വെസ്റ്റിന്‍ഡീസിന്റെ തുടര്‍ തോല്‍വികള്‍ക്കു കാരണം അവരാകാമെന്ന് ദിനേഷ് രാംദിന്‍
ചെന്നൈ: ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതിനെക്കുറിച്ച് പ്രതികരണവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് രാംദിന്‍. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും കൂടാതെ ടി20 പരമ്പരയും വെസ്റ്റിന്‍ഡീസ് തോറ്റിരുന്നു. ടി20 പരമ്പരയിലെ മൂന്നാം മത്സരം ചെന്നൈയില്‍ നടക്കാനിരിക്കെയാണ് രാംദിന്‍ പ്രതികരണവുമായെത്തിയത്.
ഇപ്പോഴത്തെ യുവതാരങ്ങളെ വെച്ചുമാത്രം മത്സരം ജയിക്കുക ബുദ്ധിമുട്ടാണെന്ന് രാംദിന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ വെസ്റ്റിന്‍ഡീസിനുണ്ട്. ഇന്ത്യന്‍ പര്യടനത്തില്‍ ഇവരില്‍ പലര്‍ക്കും പങ്കുചേരാനായില്ല. പ്രത്യേകിച്ചും മുതിര്‍ന്ന താരങ്ങള്‍ പരമ്പരയില്‍ ഇല്ലാത്തത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ടി20യില്‍ വിന്‍ഡീസ് 2-0ത്തിന് പിന്നിലായതിന്റെ പ്രധാന കാരണവും അതാണെന്ന് രാംദിന്‍ വ്യക്തമാക്കി.

ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ വിന്‍ഡീസ് താരങ്ങള്‍ക്ക് ശരിയായി കളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം സമ്മതിച്ചു. മധ്യഓവറുകളില്‍ കുല്‍ദീപ് മികച്ച പ്രകടനമാണ് നടത്തുന്നത്. തങ്ങള്‍ക്ക് ബൗളറെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. ആദ്യ ടി20യില്‍ തങ്ങളുടേത് മോശമല്ലാത്ത പ്രകടനമായിരുന്നു. രണ്ടാം മത്സരത്തില്‍ മികവുകാട്ടാനായില്ല.
ഹോപ്പും, ഹെറ്റ്‌മെയറും ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ടി20യില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രാംദിന്‍ ചൂണ്ടിക്കാട്ടി. ആദ്യ പന്തുകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. ചില കളിക്കാര്‍ക്ക് പരിചയ സമ്പന്നത കുറഞ്ഞതും വിനയായി. ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അടുത്ത അഞ്ചുവര്‍ഷമാകുമ്പോഴേക്കും വിന്‍ഡീസ് തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും രാംദിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications