ദുബായ്: ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ മികവിനെ ചോദ്യം ചെയ്ത് മുന്‍ പാക് ബൗളര്‍ അബ്ദുള്‍ റസാഖ്. ബുംറ വെറും കുട്ടിയാണെന്നും തനിക്കെതിരെ പന്തെറിഞ്ഞിരുന്നെങ്കില്‍ അടിച്ചുതകര്ക്കുമായിരുന്നെന്നും റസാഖ് പറയുന്നു. ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളറാണ് ബുംറ. ലോകോത്തര ബൗളര്‍മാരെ താന്‍ നേരിട്ടിട്ടുണ്ടെന്നും പിന്നെയാണോ ബുംറയെന്നുമെന്നാണ് റസാഖിന്റെ നിലപാട്.
കളിച്ചിരുന്ന കാലത്ത് ബുംറയേക്കാള്‍ വലിയ ബൗളര്‍മാരെ നേരിട്ടിട്ടുണ്ട്. ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം തുടങ്ങിയവരെ നേരിട്ടിട്ടുള്ള ബാറ്റ്സ്മാന് ആണ് താന്‍. അതുകൊണ്ടുതന്നെ ബുംറയ്ക്കായിരിക്കും സമ്മര്‍ദ്ദം. തനിക്ക് ബുംറയെ അനായാസം ആക്രമിച്ചു കളിക്കാന്‍ കഴിയുമെന്നും റസാഖ് പറയന്നു. 1996 മുതല്‍ 2011വരെ പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു റസാഖ്. 2002ല്‍ ഓള് റൗണ്ടര്‍മാരില്‍ ലോക രണ്ടാം റാങ്കിലുമെത്തി.
വല്ല കാര്യമുണ്ടോ?; വടി കൊടുത്ത് അടി വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ബുംറ വളരെ നന്നായാണ് പന്തെറിയുന്നതെന്ന് റസാഖ് അഭിപ്രായപ്പെട്ടു. പ്രത്യേകതയുള്ള ബൗളിങ് ആക്ഷന്‍ ബുംറയ്ക്ക് നേട്ടമാകുന്നുണ്ടെന്നും താരം പറയുന്നു. പാക്കിസ്ഥാന് അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കാന്‍ പിസിബി റസാഖിനെ സമീപിച്ചിരുന്നു. എന്നാല്‍, താത്പര്യമില്ലെന്നാണ് അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് റസാഖ് പറഞ്ഞിരുന്നു. ബിസിസിഐ അനുവദിക്കുകയാണെങ്കില്‍ പാണ്ഡ്യയുടെ പോരായ്മകള്‍ നികത്തി മികച്ച ഓള്റൗണ്ടറാക്കാമെന്നാണ് റസാഖിന്റെ വാഗ്ദാനം.