ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹതാരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. കളിത്തിനകത്തും പുറത്തും മികച്ച സൗഹൃദമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിതാ കോലിയുടെ ഭാവി പ്രകടനത്തെക്കുറിച്ച് തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. അടുത്ത അഞ്ച് വര്‍ഷമെങ്കിലും കോലിയില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്. ഈ ലോക്ഡൗണ്‍ അദ്ദേഹത്തിന് അനുകൂല ഘടകമായെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനാകാന്‍ ഈ ലോക്ഡൗണിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കണം. ഇപ്പോള്‍ അദ്ദേഹം ഊര്‍ജസ്വലനായിരിക്കുകയാണ്. ലക്ഷ്യങ്ങള്‍ പുതുക്കിനിശ്ചയിച്ച് ഇനിയുമേറെ മുന്നോട്ടുപോകണം. അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തില്‍ നിന്ന് വലിയ സംഭവങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് - ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഐപിഎല്ലില്‍ മികച്ച കൂട്ടുകെട്ടാണ് ഇരുവരും തമ്മിലുള്ളത്. ഡിവില്ലിയേഴ്‌സും കോലിയും ചേര്‍ന്ന് രണ്ട് തവണ ഐപിഎല്ലില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളില്‍ കൂടുതല്‍ വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാന്‍ കോലിയാണ്. ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ കോലിയോട് 15 ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഞാന്‍ ആക്രമിച്ച് കളിക്കുകയാണ് ചെയ്യാറ്. എന്റെ ഈ ശൈലി മത്സരത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാക്കാന്‍ സഹായിക്കും. ഞങ്ങള്‍ രണ്ടും കൂടി ചേരുമ്പോള്‍ അത് മികച്ച കൂട്ടുകെട്ടായി മാറുന്നത് അങ്ങനെയാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. 177 ഐപിഎല്ലില്‍ നിന്നായി അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ 5412 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സുമാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. 154 ഐപിഎല്ലില്‍ നിന്നായി 4395 റണ്‍സും ഡിവില്ലിയേഴ്‌സിന്റെ അക്കൗണ്ടിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത സമയത്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ എബിഡി ഇത്തവണത്ത ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. തന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവനെയും എബിഡി പ്രഖ്യാപിച്ചു. വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും ഓപ്പണര്‍മാരും കോലി മൂന്നാമനുമാണ്. നാലാം നമ്പറില്‍ താനോ, സ്റ്റീവ് സ്മിത്തോ, കെയ്ന്‍ വില്യംസനോ ആകാമെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ധോണി ക്യാപ്റ്റനായ ടീമില്‍ ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, കഗിസോ റബാദ, ജസ്പ്രീത് ബൂംറ എന്നിവരാണ് എബിഡിയുടെ ടീമിലെ ബൗളര്‍മാര്‍.