ദില്ലി: സമകാലീന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ഡി വില്ലിയേഴ്‌സിനേപ്പോലെ പ്രതിഭാധനനായ ഒരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നുതന്നെ പറയാം. ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും ഡി വില്ലിയേഴ്‌സിന്റെ പ്രകടനം അത്രയും മികച്ചതാണ്. മികച്ച ബാലന്‍സും ടൈമിങ്ങും കൊണ്ട് ബൗളര്‍മാരെ അമ്പരപ്പിക്കുന്ന ബാറ്റ്‌സ്മാന്‍ ആണ് എ ബി ഡി വില്ലിയേഴ്‌സ്.
എന്നാല്‍, ഡി വില്ലിയേഴ്‌സിന്റെ പിതാവ് പറയുന്നത് മകന്‍ ഒരു ഗോള്‍ഫ് കളിക്കാരനായി മാറുമെന്നാണ് കരുതിയിരുന്നത് എന്നാണ്. ഡി വില്ലിയേഴ്‌സ് 100ാം ടെസ്റ്റ് കളിക്കുന്നത് കാണാനായി ബെംഗളുരുവില്‍ എത്തിയതായിരുന്നു പിതാവ്. മകന്‍ ഗോള്‍ഫില്‍ തികഞ്ഞ ഒരു കളിക്കാരനായിരുന്നെന്നും എന്നാല്‍ ക്രിക്കറ്റിലേക്കാണ് ശ്രദ്ധ തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഡി വില്ലിയേഴ്‌സിന്റെ അത്ഭുത പ്രകടനം. മറ്റൊരു ക്രിക്കറ്റ് താരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ സ്‌പോര്‍ട്‌സിന്റെ പല ഇനത്തിലും കഴിവു തെളിയിച്ചയാളാണ് ഡി വില്ലിയേഴ്‌സ്. സ്‌കൂള്‍ തലം മുതല്‍ ഗോള്‍ഫ്, ബാഡ്മിന്റണ്‍, റഗ്ബി, ക്രിക്കറ്റ്, ടെന്നീസ്, ഹോക്കി എന്നിവയില്‍ ഡി വില്ലിയേഴ്‌സ് പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
എല്ലായിനത്തിലും ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കളിക്കാരന്‍ കൂടിയാണ് ഇദ്ദേഹം. റഗ്ബിയില്‍ ദക്ഷിണാഫ്രിക്കയുടെ ഭാവി വാഗ്ദാനം എന്നായിരുന്നു ഡി വില്ലിയേഴ്‌സ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്, ടെന്നീസിലും ഹോക്കിയിലും ദേശീയ ജൂനിയര്‍ ടീമിലും ഇടം പിടിച്ചു. എന്നാല്‍, പിന്നീട് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.