ലണ്ടന്‍: നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോലിയാണെന്നത് പല ക്രിക്കറ്റ് വിദഗ്ധരും മുന്‍കളിക്കാരും സമ്മതിക്കുന്നകാര്യമാണ്. എന്നാല്‍, വിരാട് കോലിയേക്കാള്‍ മികച്ചവന്‍ സ്റ്റീവ് സ്മിത്ത് ആണെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറയുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പാണ് ഫിഞ്ചിന്റെ അവകാശവാദം.
സ്റ്റീവ് സ്മിത്ത് ആണ് എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബാറ്റ്സ്മാന് എന്ന് ഫിഞ്ച് പറഞ്ഞു. സ്മിത്ത് കളിക്കാനിറങ്ങിയാല് വ്യക്തമായ പദ്ധതിയുണ്ടാകും. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിനെതിരെ അത് ഒരിക്കല്‍ക്കൂടി വ്യക്തമായി. സമ്മര്‍ദ്ദഘട്ടത്തില്‍ എങ്ങിനെ കളിക്കണമെന്ന് സ്മിത്തിന് നന്നായി അറിയാം. തന്റെ പദ്ധതി കൃത്യമായി നടപ്പാക്കാനറിയുന്ന താരമാണ് സ്മിത്തെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.
സ്മിത്ത് ജസ്പ്രീത് ബുംറയ്യെ എങ്ങിനെ നേരിടുമെന്ന ചോദ്യത്തിനും ഫിഞ്ചിന് വ്യക്തതയുണ്ട്. എല്ലാ കളിക്കാരും മാനസികമായും സാങ്കേതികമായും നന്നായി ഒരുങ്ങിയവരാണെന്ന് ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു. സ്മിത്ത് തന്റെ ടെക്നിക്കുകള്‍ അതിവേഗം മാറാന്‍ കഴിവുള്ള കളിക്കാരനാണ്. ഏത് ബൗളറാണ് എതിരാളി എന്നതിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സ്മിത്തിന് കഴിയും. തനിക്കതില്ലെന്നും ഫിഞ്ച് സമ്മതിച്ചു.
ഓവലില്‍ ഇന്ത്യ കങ്കാരുവേട്ടയ്ക്ക്...... മൂന്നാം ജയത്തിന് ഓസ്ട്രേലിയ, പോരാട്ടം പൊടിപാറും
രോഹിത്തിനെയും വിരാട് കോലിയേയും നേരത്തെ പിടികൂടുകയെന്നതാണ് തങ്ങളുടെ തന്ത്രമെന്നും ക്യാപ്റ്റന്‍ വെളിപ്പെടുത്തി. ഇരു കളിക്കാരും ദീര്‍ഘനേരം ക്രീസില്‍ തുടര്‍ന്നാല്‍ പിടിച്ചുനിര്‍ത്തുക പ്രയാസമാകും. അതുകൊണ്ടുതന്നെ ഇരുവരെയും നേരത്തെ പുറത്താക്കാന്‍ വ്യക്തമായ പദ്ധതിയുണ്ട്. ഡേവിഡ് വാര്‍ണറുടെ വരവ് ടീമിന് കൂടുതല്‍ കരുത്ത് പകരുന്നതായും ഫിഞ്ച് ചൂണ്ടിക്കാട്ടി.