മുംബൈ: ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ നോക്കുന്ന പരമ്പരയാണ് ഡിസംബറിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയുമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ കളിക്കുന്നത്. 2019ല്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. ഇതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഓസീസുള്ളത്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ യുവതാരങ്ങളായ ശ്രേയസ് അയ്യരേയും യുസ്‌വേന്ദ്ര ചഹലിനെയും പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'ശ്രേയസ്സ് അയ്യരെ ടെസ്റ്റിലേക്കും പരിഗണിക്കണം. ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ശ്രേയസിനെ പരിഗണിക്കാത്തത്.
അദ്ദേഹത്തെ ടെസ്റ്റില്‍ പരിഗണിച്ചില്ലെങ്കില്‍ അവന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഓസ്‌ട്രേലിയയില്‍ കളിച്ച അവസാന മത്സരത്തില്‍ കുല്‍ദീപ് യാദവ് ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിനും ജഡേജയും മികച്ച താരങ്ങളാണ്. അശ്വിന് ശേഷം ചഹലിനെ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് എനിക്ക് തോന്നുന്നത്'- ആകാശ് ചോപ്ര പറഞ്ഞു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ ഓപ്പണറായിത്തന്നെ ഇറങ്ങണം.മറ്റൊരാള്‍ ആരെന്നതാണ് കാര്യം. കെഎല്‍ രാഹുലിനാണ് പ്രധാന പരിഗണന. മായങ്ക് അഗര്‍വാളിനെ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാം. മായങ്കിനൊപ്പം പൃത്ഥ്വി ഷായേയും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പരിമിത ഓവറിലും പൃത്ഥ്വി അവസരം അര്‍ഹിക്കുന്നുവെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

മധ്യനിരയില്‍ പുജാര, രഹാനെ, കോലി, ശ്രേയസ്, ഹനുമ വിഹാരി എന്നിവരാണ് വേണ്ടത്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് പുജാര പുറത്തെടുത്തത്. ഓസ്‌ട്രേലിയയില്‍ വലിയ അംഗീകാരമാണ് പുജാരയ്ക്ക് ലഭിക്കുന്നത്. അത് തുടരണമെങ്കില്‍ മികച്ച പ്രകടനം അദ്ദേഹം തുടരണം. വിരാട് കോലിക്ക് ശേഷം രഹാനെ തന്നെയാണിറങ്ങേണ്ടത്. ഹനുമ വിഹാരിയെ എന്തുകൊണ്ടാണ് ടെസ്റ്റ് ബാറ്റ്‌സ്മാനായി മാത്രം കാണുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി വെച്ച് പറഞ്ഞാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ഗുണം ചെയ്യും. അദ്ദേഹം മികച്ച താരമാണ്. അവന് ഇനിയും മുന്നോട്ടുവരാന്‍ സാധിക്കുമെന്നും ചോപ്ര പറഞ്ഞു.
വിക്കറ്റ് കീപ്പറായി ടെസ്റ്റില്‍ സാഹക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ റിഷഭ് പന്തിന്റെ വിദേശ മൈതാനങ്ങളിലെ പ്രകടനം മികച്ചതാണ്. ക്യാച്ചുകളില്‍ റെക്കോഡിട്ട പന്ത് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ കെ എല്‍ രാഹുലിനെത്തന്നെ വിക്കറ്റ് കീപ്പറായി പരിഗണിക്കണം. ജസ്പ്രീത് ബൂംറ,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,നവദീപ് സൈനി എന്നിവരായിരിക്കണം പേസ് ബൗളര്‍മാരായി ഉണ്ടാകേണ്ടത്. ഭുവനേശ്വര്‍ കുമാറിന് തിരിച്ചുവരാന്‍ അവസരം നല്‍കേണ്ടതും അത്യാവശ്യമാണ്. ദീപക് ചാഹറിനെയും വളര്‍ത്തിക്കൊണ്ടുവരണമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.