'ഇരട്ട സെഞ്ച്വറിക്കും സെഞ്ച്വറിക്കും ഇന്ത്യന്‍ താരങ്ങള്‍ക്ക് ബോണസ്', തുക വെളിപ്പെടുത്തി ആകാശ് ചോപ്ര
മുംബൈ: ടെസ്റ്റ് ക്രിക്കറ്റെന്നത് ക്രിക്കറ്റിലെ ഏറ്റവും പ്രയാസപ്പെട്ട ഫോര്‍മാറ്റാണ്. ക്ഷമയും അച്ചടക്കവും പ്രതിഭയും എല്ലാം ഒത്തുചേര്‍ന്നാല്‍ മാത്രമെ ടെസ്റ്റ് കരിയറില്‍ ശോഭിക്കാനാവു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് കാട്ടിയ പല താരങ്ങളും ടെസ്റ്റില്‍ വലിയ നേട്ടങ്ങളുണ്ടാക്കാതെ പോയത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. നിലവിലെ ടെസ്റ്റ് ടീമുകളില്‍ ഏറ്റവും കരുത്തരായ ടീമുകളിലൊന്ന് ഇന്ത്യയാണെന്നതില്‍ സംശയമില്ല. മികച്ച താരനിരയുള്ള ഇന്ത്യ ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടി അത് തെളിയിച്ചതാണ്.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. ടെസ്റ്റില്‍ ആരൊക്കെ ഇന്ത്യക്കായി തിളങ്ങുമെന്ന് കാത്തിരുന്ന് കാണാം.ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി,സെഞ്ച്വറി പ്രകടനം നടത്തിയാല്‍ താരങ്ങള്‍ക്ക് അധികമായി പണം ലഭിക്കുമോ? എത്ര രൂപ ലഭിക്കും?. അധികം ആര്‍ക്കും സുപരിചിതമല്ലാത്ത ഈ ബോണസ് കണക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ആകാശ് പങ്കുവെച്ചത്. ഇരട്ട സെഞ്ച്വറി നേടിയാല്‍ ഏഴ് ലക്ഷം രൂപയാണ് ആ താരത്തിന് ബോണസായി ലഭിക്കുക. സെഞ്ച്വറി നേടിയാല്‍ അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒരു ബൗളര്‍ അഞ്ച് വിക്കറ്റോ അതിലധികമോ നേടിയാല്‍ അഞ്ച് ലക്ഷം വീതം ലഭിക്കും. ഇത് മാച്ച് ഫീ കൂടാതെ ലഭിക്കുന്ന പണമാണ്.
ഇംഗ്ലണ്ടിനെതിരേ ഇക്കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ സെഞ്ച്വറിയും എട്ട് വിക്കറ്റുമാണ് നേടിയത്. ഈ ഒറ്റ മത്സരത്തിലൂടെ ഏകദേശം 25 ലക്ഷത്തോളം രൂപ അശ്വിന് ലഭിച്ചിട്ടുണ്ടാവുമെന്നും ആകാശ് വ്യക്തമാക്കി. 2020-21ലെ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തിന് ആദരമെന്ന നിലയില്‍ അഞ്ച് കോടി രൂപ ബോണസ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കിയെന്നും ആകാശ് പറഞ്ഞു.
ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലൂടെ എത്ര താരങ്ങള്‍ക്ക് അധിക ബോണസ് നേടാനാവുമെന്ന് കണ്ടറിയാം. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ ബോണസ് തുക ലഭിച്ചിട്ടുണ്ടാവുക നായകന്‍ വിരാട് കോലിക്കും ആര്‍ അശ്വിനുമാവും. കോലി 91 ടെസ്റ്റില്‍ നിന്ന് 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്.അശ്വിന്‍ 78 ടെസ്റ്റില്‍ നിന്ന് 30 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹത്തിന് നടത്താനായി. അഞ്ച് സെഞ്ച്വറികളും അശ്വിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications