അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം. സീസണില്‍ മൂന്ന് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും രണ്ട് ജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്. അവസാന രണ്ട് മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടതിനാല്‍ത്തന്നെ ഇന്നത്തെ ജയം അവര്‍ക്ക് നിര്‍ണ്ണായകമാണ്. നിലവിലെ ചാമ്പ്യന്മാരും പ്രഥമ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടത്തിലെ ടീമുകളുടെ കരുത്തും ദൗര്‍ബല്യവും വിലയിരുത്തുകയാണ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ആകാശ് ചോപ്ര.
മുംബൈ ഇന്ത്യന്‍സ് സംതുലിതമായ ടീമാണെന്നും രാജസ്ഥാനെതിരേ മാറ്റങ്ങളുടെ ആവിശ്യമില്ലെന്നുമാണ് ആകാശ് പറഞ്ഞത്. ജസ്പ്രീത് ബൂംറ പതിവില്‍ നിന്ന് വിപരീതമായി അല്‍പ്പം റണ്‍സ് വഴങ്ങുന്നുണ്ടെങ്കിലും ബുദ്ധിമുട്ടേറിയ ഡെത്ത് ഓവറിലും ഇപ്പോഴും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്. റണ്‍സ് വഴങ്ങുന്നുണ്ടെങ്കിലും മുംബൈയുടെ തുറുപ്പ് ചീട്ട് ബൂംറ തന്നെയാണ്. 2019നെ അപേക്ഷിച്ച് അദ്ദേഹം അല്‍പ്പം കൂടുതല്‍ റണ്‍സ് വഴങ്ങുന്നുവെന്നത് സത്യമാണ്. പരിക്കാണ് ഇതിന്റെ കാരണമെന്നാണ് ചിന്തിക്കുന്നതെന്നാണ് ആകാശ് പറഞ്ഞത്.

രാജസ്ഥാന്‍ റോയല്‍സില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസ് ബട്‌ലര്‍,സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും നാലാം നമ്പറില്‍ ആരാണ്?ഏഴാം നമ്പറില്‍ ആരാണ്? ഇവിടെ മികച്ച താരങ്ങളുടെ അഭാവമുണ്ട്. ക്വാറന്റെയ്‌ന് ശേഷം ബെന്‍ സ്റ്റോക്‌സ് എത്തിയാല്‍ ടീം സംതുലിതമാകും. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ സ്മിത്തിനൊപ്പം യശ്വസി ജയ്‌സ്വാളിനെ ഓപ്പണ്‍ ചെയ്യിച്ച് മറ്റുള്ളവരുടെ ബാറ്റിങ് ഓഡര്‍ ഒരുപടി താഴോട്ട് ഇറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീസണിലെ ആദ്യ രണ്ട് മത്സരവും ഷാര്‍ജയില്‍ കളിച്ച രാജസ്ഥാന്‍ വമ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ വലുപ്പം കൂടിയ മൈതാനത്തിലേക്കെത്തിയപ്പോള്‍ വിജയിക്കാന്‍ കെല്‍പ്പില്ലാത്ത നിരയായി മാറി. ഇന്നത്തെ മത്സരത്തില്‍ ഗെയിം ചെയിഞ്ചര്‍ മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. എന്റെ ഹൃദയം പറയുന്നു ഇത്തവണ അവന്റെ സമയമാണെന്ന്.
കൂടുതല്‍ സമയം ബാറ്റ് ചെയ്യാനുള്ള അവസരം ഇന്ന് ലഭിച്ചേക്കും. നിലവില്‍ ഫോമിലാണ് ഹര്‍ദിക്കുള്ളത്. തുടര്‍ച്ചയായി റണ്‍സും നേടുന്നു. മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്.ഈ മത്സരത്തിന് ശേഷം എല്ലാവരും ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ച് സംസാരിക്കും. രാജസ്ഥാനെതിരേ മുംബൈ ഇന്ത്യന്‍സിനാവും വിജയമെന്നും ആകാശ് ചോപ്ര പറഞ്ഞു.