മുംബൈ: ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന്റെ സ്പിന്‍ കൂട്ടുകെട്ടായി വളര്‍ന്ന താരങ്ങളാണ് കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും. ചഹാല്‍ പരിമിത ഓവര്‍ ടീമിലെ സ്ഥിര സാന്നിധ്യമാണെങ്കിലും കുല്‍ദീപിന്റെ അവസ്ഥ അങ്ങനെയല്ല. ടീമില്‍ അവസരം ലഭിക്കാറുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സമീപകാലത്തായി ചൈനാമാന്‍ സ്പിന്നര്‍ക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ ടീമിലേക്ക് ശക്തമായി തിരിച്ചെത്താന്‍ കുല്‍ദീപ് ഐപിഎല്‍ ടീം മാറണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് കുല്‍ദീപ്. വരുണ്‍ ചക്രവര്‍ത്തി തിളങ്ങിയതോടെ കെകെആര്‍ പ്ലേയിങ് ഇലവന് പുറത്താണ് കുല്‍ദീപുള്ളത്. അതിനാല്‍ത്തന്നെ ടീം മാറ്റം കുല്‍ദീപിനും അനിവാര്യമായ കാര്യമാണ്. 'അവന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുമ്പോള്‍ ഞാന്‍ സിഡ്‌നിയിലുണ്ട്. അന്ന് രവി ശാസ്ത്രി പറഞ്ഞത് കുല്‍ദീപാണ് വിദേശത്ത് നമ്മുടെ ഒന്നാം നമ്പര്‍ എന്നാണ്. അതിന് ശേഷം അവനൊരു ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടോയെന്ന് സംശയമാണ്.
അവന് റാഞ്ചിയില്‍ കളിക്കാന്‍ ഒരവസരം ലഭിച്ചപ്പോള്‍ പരിക്ക് തിരിച്ചടിയായി. കളിക്കാനായി ഇവിടെ നിന്ന് എവിടേക്കാണ് അവന്‍ പോകേണ്ടത്. ഒരു മികച്ച ബൗളര്‍ക്ക് സൈഡ് ബെഞ്ചില്‍ മാത്രം ഇരിക്കേണ്ടി വരികയെന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവനെ ആവിശ്യമില്ലെങ്കില്‍ അവനെ ഒഴിവാക്കുക. മറ്റൊരു ടീമിലെങ്കിലും അവന്‍ കളിക്കട്ടെ'-ആകാശ് പറഞ്ഞു.

ഒരു മോശം ഐപിഎല്‍ സീസണാണ് കുല്‍ദീപിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. അവന്റെ ആത്മവിശ്വാസം നഷ്ടമായതോടെ ഒരു ഫോര്‍മാറ്റിലും അവസരം ലഭിക്കാതെയായി. ഇനിയൊരു തിരിച്ചുവരവ് വേണമെങ്കില്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്ന ഒരു ഫ്രാഞ്ചൈസിക്കുവേണ്ടി ഐപിഎല്‍ കളിക്കണമെന്നും ആകാശ് പറഞ്ഞു.
സമീപകാലത്തായി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും കുല്‍ദീപ് തഴയപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരാ നാലാം ടെസ്റ്റില്‍ അശ്വിന് പരിക്കേറ്റ് കളിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം കുല്‍ദീപ് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ അശ്വിന് പകരം നാലാം പേസറെയാണ് പരിഗണിച്ചത്. അടുത്ത ഐപിഎല്ലിന് മുമ്പായി കെകെആര്‍ കുല്‍ദീപിനെ ഒഴിവാക്കിയേക്കും. മികച്ച സ്പിന്നര്‍മാരെ തേടുന്ന സിഎസ്‌കെ അടക്കമുള്ള ടീമുകള്‍ കുല്‍ദീപിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. കെകെആറില്‍ സുനില്‍ നരെയ്‌നൊപ്പം വരുണ്‍ ചക്രവര്‍ത്തിക്കാണ് അവസാന സീസണില്‍ കൂടുതല്‍ അവസരം ലഭിച്ചത്. ഇതോടെ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നു.