'അവന്റെ തലയില്‍ ഒരു കാല്‍ക്കുലേറ്റര്‍ ഉണ്ട്', രോഹിതിന്റെ നായക മികവിനെക്കുറിച്ച് ആകാശ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായ അദ്ദേഹം ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. അഞ്ച് തവണ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ കിരീടം നേടുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒരു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിര നായകനാവാന്‍ രോഹിതിനായിട്ടില്ല. കോലിയുടെ നിഴലായി രോഹിത് ഒതുങ്ങുകയാണ്.
നായകനെന്ന നിലയില്‍ പ്രശംസനീയമായ റെക്കോഡുള്ള രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച ഗുണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രോഹിതിന്റെ തലയില്‍ ഒരു കാല്‍ക്കുലേറ്ററുണ്ടെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'ധോണിയെപ്പോലെയാണവന്‍. എന്താണ് മനസിലെന്ന് അവന്റെ മുഖം നോക്കി മനസിലാക്കാനാവില്ല. മത്സരത്തില്‍ മുന്‍തൂക്കമാണോ അതോ പിന്‍തൂക്കമാണോയെന്നൊന്നും അവനെ നോക്കി മനസിലാക്കാന്‍ സാധിക്കില്ല.
എന്നാല്‍ അവന്റെ തലയിലൊരു കാല്‍ക്കുലേറ്ററുണ്ട്. ഏത് ബൗളര്‍ എപ്പോള്‍ എറിയണമെന്നും എത്ര ഓവര്‍ എറിയണമെന്നും എങ്ങനെ മത്സരത്തില്‍ മുന്‍തൂക്കം നേടാമെന്നുമെല്ലാം അവന്‍ കണക്കുകൂട്ടുകയാണ്. മത്സരത്തെ നിയന്ത്രിക്കാന്‍ അസാമാന്യ മികവുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിന്റെ പള്‍സ് അറിയാം. ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ അവസരങ്ങളില്ലെങ്കിലും ഇന്ത്യക്കുവേണ്ടി നായകനായ അവസരങ്ങളിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും അവന്‍ ലഭിച്ച അവസരങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്'-ആകാശ് ചോപ്ര പറഞ്ഞു.

ഐസിസി ടൂര്‍ണമെന്റ് കിരീടം ഏറെ നാളുകളായി ഇന്ത്യയുടെ കിട്ടാക്കനിയാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ച 2017ലെ ചാമ്പ്യന്‍സ് ട്രോഫി,2019ലെ ഏകദിന ലോകകപ്പ്,ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ഇന്ത്യക്ക് കിരീടത്തിലേക്കെത്താനായില്ല. എന്നാല്‍ ഈ മത്സരങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു.
ഈ വരുന്ന ടി20 ലോകകപ്പ് വിരാട് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കിരീടത്തിലേക്കെത്താന്‍ സാധിക്കാത്ത പക്ഷം ക്യാപ്റ്റന്‍സി രോഹിത് ശര്‍മക്ക് ഒഴിഞ്ഞുകൊടുക്കാന്‍ കോലി നിര്‍ബന്ധിതനാവും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ രോഹിത് ഗംഭീര പ്രകടനമാണ് നടത്തുന്നത്. താരങ്ങളെ അവരുടെ കരുത്തറിഞ്ഞ് ഉപയോഗിക്കാന്‍ രോഹിതിന് കഴിവുണ്ട്.
'രോഹിതിന്റെ കീഴില്‍ കളിച്ചവരോട് ചോദിക്കുക. അപ്പോള്‍ രോഹിത് എന്തൊക്കെ ചോദിച്ചുവെന്ന് അവര്‍ വ്യക്തമാക്കും. നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മുമ്പ് എന്താണ് താങ്കളുടെ പദ്ധതിയെന്നും എങ്ങനെ ചെയ്താലാണ് സംതൃപ്തി ലഭിക്കുകയെന്നും ചോദിച്ച് മനസിലാക്കാന്‍ രോഹിതിന് സാധിക്കുന്നു. മത്സരത്തിന്റെ അവസ്ഥ മനസിലാക്കി കളിക്കുകയും കളിപ്പിക്കാനും അവന് മികവുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications